എടത്വാ: വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാത്ഥിയുടെ നേഴ്സിങ്ങ് പഠനത്തിന് കൈത്താങ്ങായി ബാഗ്ളൂർ സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും എടത്വ ടൗൺ ലയൺസ് ക്ലബുo രംഗത്ത്. ചൂരമലയിൽ പ്ലസ് ടു പരീക്ഷ വിജയിച്ച ഒരു വിദ്യാർത്ഥിയുടെ സ്വപ്നമാണ് നേഴ്സിംങ്ങ് പഠനം. ഈ വിദ്യാർത്ഥിക്ക് കോളജിൽ അഡ്മിഷൻ എടുക്കാൻ വെച്ചിരുന്ന തുകയും സർട്ടിഫിക്കറ്റും പാർപ്പിടവും ഭൂമിയും എല്ലാം പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ടു. ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഇവരുടെ കദന കഥ വായിച്ചറിഞ്ഞാണ് ഈ കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചതെന്ന് സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ.മനോജ് കുമാർ തിവാരി, സെക്രട്ടറി സവിതാ തിവാരി, ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ,സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള എന്നിവർ അറിയിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ വിദ്യാത്ഥിയുടെ പഠന ചിലവ് പൂർണ്ണമായും ഏറ്റെടുക്കുമെന്ന് പി.ആർ. ഒ പ്രമീള ഭാസ്കർ, ബനോജ് മാത്യൂ എന്നിവർ അറിയിച്ചു. എന്നാൽ പ്രതിമാസം താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി ഉള്ള തുകയാണ് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ നല്കുന്നത്. ലയൺസ് ക്ലബ് എടത്വ ടൗണിന്റെ സേവ് വയനാട് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഈ വിദ്യാർത്ഥിയുടെ നേഴ്സിങ്ങ് പഠനത്തെ സഹായിക്കാൻ തീരുമാനിച്ചതെന്ന് പ്രോജക്ട് കൺവീനർ ഷേർലി അനിൽ അറിയിച്ചു.