പത്തനംതിട്ട : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് സമുചിതമായി സംഘടിപ്പിച്ചു. സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്. ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിനുകളുടെ പ്രകാശനകർമ്മവും നടന്നു. സ്നോബോൾ, മൈൻഡ് മിറേജ്, ദി സ്കോളേർലി സ്ക്രൈബ്സ്, ഡ്രീം സ്ട്രീം എന്നീ പേരുകളിലുള്ള നാല് മാഗസിനുകളാണ് പുറത്തിറക്കിയത്. കഥകൾ, കവിതകൾ, ലേഖനങ്ങൾ, കാർട്ടൂണുകൾ, ചോദ്യോത്തരങ്ങൾ, പ്രശസ്തരായ വ്യക്തികളുടെ വചനങ്ങൾ, വിവിധ വിഷയങ്ങൾ സംബന്ധിച്ചുള്ള പുത്തനറിവുകൾ തുടങ്ങിയവ ഉൾപ്പെടുത്തി കുട്ടികൾ കൈയ്യെഴുത്ത് പ്രതിയായാണ് മാഗസിൻ തയ്യാറാക്കിയത്.
ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിച്ച് കുട്ടികളുടെ സാഹിത്യപരമായ ശേഷികൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാഗസിനുകൾ തയ്യാറാക്കിയത്. റോൾപ്ലേ, ആക്ഷൻ സോംഗ്, റിംഗ് ഡാൻസ്, പ്രഭാഷണം, സംഘനൃത്തം, കുക്കറി ഷോ തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് മനോജ് പുളിവേലിൽ അധ്യക്ഷനായ ചടങ്ങ് സ്കൂൾ മാനേജർ എൻ.മനോജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ആർ.ശ്രീകുമാർ, റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗം എസ്.സന്തോഷ് കുമാർ, അധ്യാപകരായ വിധു ആർ., അപ്സര പി.ഉല്ലാസ്, സുനീത കെ., പ്രമോദ് കുമാർ, വിദ്യാർത്ഥി പ്രതിനിധി അനന്യ സുരേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.