തിരുവനന്തപുരം : മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രവും കൽപ്പവൃക്ഷ ഫൗണ്ടേഷനും സംയുക്തമായി അരുവിക്കര കൃഷിഭവന്റെ സഹായത്തോടു കൂടി തെങ്ങിൻറെ സംയോജിത കൃഷി പരിചരണ മാർഗങ്ങളെ സംബന്ധിച്ച് കാർഷിക സെമിനാർ സംഘടിപ്പിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ ഫെബ്രുവരി മാസം 29 ന് നടന്ന സെമിനാറിൽ 85 കർഷകർ പങ്കെടുത്തു. അരുവിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രേണുക രവി സെമിനാറിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു കർഷകർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡൻറ് കളത്തറ മധു അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അരുവിക്കര കൃഷി ഓഫീസർ പ്രശാന്ത് സ്വാഗതം ആശംസിച്ചു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ നായർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയക്കുട്ടി, വാർഡ് മെമ്പർമാരായ ഇല്യാസ്, അജിത് കുമാർ, രമേശ് ചന്ദ്രൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിലെ കാർഷിക എൻജിനീയർ ചിത്ര ജി വിഷയാവതരണം നടത്തി. സസ്യ സംരക്ഷണ വിഭാഗം ശാസ്ത്രജ്ഞ ബിന്ദു ആർ മാത്യൂസ് നന്ദി അർപ്പിച്ചു. തുടർന്ന് നടന്ന ക്ലാസുകളിൽ കൃഷിവിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ മഞ്ജു തോമസ്, ബിന്ദു ആർ മാത്യൂസ്, ജ്യോതി വർഗീസ്, ചിത്ര ജീ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സെമിനാറിൽ പങ്കെടുത്ത എല്ലാ കർഷകർക്കും സൗജന്യമായി തെങ്ങിൻ തൈകളും ജൈവ ഉപാധികളും ലഘുലേഖകളും വിതരണം ചെയ്തു.