പ്യോങ്‍യാങ്: അയല്‍ രാജ്യത്ത് ആയിരക്കണക്കിന് ആളുകള്‍ കൊറോണ മൂലം മരിക്കുമ്പോഴും അതിര്‍ത്തി കടന്ന് വൈറസ് എത്തിയില്ലെന്ന് ഉത്തരകൊറിയ. ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച് 4000ത്തിലധികം ആളുകള്‍ മരിക്കുമ്പോഴും ചൈനയുടെ തൊട്ടടുത്തുള്ള ഉത്തര കൊറിയയില്‍ ആര്‍ക്കും രോഗം ബാധിച്ചില്ല.
വൈറസ് തങ്ങളുടെ അതിര്‍ത്തി കടന്ന് എത്തിയിട്ടില്ലെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. ചൈനയില്‍ 3158 പേരും ദക്ഷിണ കൊറിയയില്‍ 291 പേരുമാണ് ബുധനാഴ്‍ച വരെ മരിച്ചത്. ലോകത്തിന്റെ എല്ലാ ഭാഗത്തും വൈറസ് എത്തുകയും 21 രാജ്യങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‍തു. എന്നിട്ടും രാജ്യത്ത് വൈറസ് ബാധയില്ലെന്ന് തന്നെയാണ് ഉത്തര കൊറിയന്‍ ഭരണകൂടം വ്യക്തമാക്കുന്നത്. രാജ്യത്ത് ഇതുവരെ ആര്‍ക്കും വൈറസ് ബാധിച്ചിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ റൊഡോങ് സിന്‍ മുന്‍ റിപ്പോര്‍ട്ട് ചെയ്‍ത്. ഈ റിപ്പോര്‍ട്ട് ശരിയാണെന്ന് ലോകാരോഗ്യ സംഘടനയും സമ്മതിച്ചു.
ചൈനയെ പോലെ ശക്തരായ രാജ്യത്തിന് പോലും കൊറോണയെ തടഞ്ഞുനിര്‍ത്താനായിട്ടില്ല. താരതമ്യേന ആരോഗ്യ സംവിധാനങ്ങള്‍ മോശമായ ഉത്തര കൊറിയക്ക് എങ്ങനെ കൊറോണയെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നതില്‍ ലോകം സംശയം പ്രകടിപ്പിച്ചു. ഇന്ത്യ, ഹോങ്കോങ്, മക്കാവു തുടങ്ങി ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെല്ലാം വൈറസ് ബാധയെത്തി. എന്നാല്‍ ചൈനയുമായി നീണ്ട അതിര്‍ത്തിയുള്ള ഉത്തര കൊറിയയില്‍ വൈറസ് ബാധയെത്തിയില്ലെന്നത് ലോകത്തിന്റെ സംശയം വര്‍ധിപ്പിച്ചു. ചൈനയുടെ അയല്‍ രാജ്യങ്ങള്‍ കടന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും കൊറോണ പിടിമുറുക്കിയപ്പോള്‍ ഉത്തര കൊറിയയെ വൈറസ് തൊട്ടില്ല. ലോകരാജ്യങ്ങള്‍ സംശയം പ്രകടിപ്പിക്കുമ്പോഴും തന്റെ രാജ്യത്ത് വൈറസ് ബാധയില്ലെന്ന് തന്നെയാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഉറപ്പിച്ചു പറയുന്നത്.
ശക്തമായ പ്രതിരോധ നടപടികളിലൂടെയാണ് രാജ്യത്തെ കൊറോണ വൈറസ് ബാധിക്കാതെ കാത്തതെന്നാണ് ഉത്തര കൊറിയന്‍ സര്‍ക്കാര്‍ പറയുന്നത്. ചൈനയില്‍ പുതിയ രോഗം പടരാന്‍ തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ ഉത്തര കൊറിയ നടപടികള്‍ ഊര്‍ജിതമാക്കിയെന്നാണ് കിം ജോങ് ഉന്‍ അവകാശപ്പെടുന്നത്. ചൈനയുമായി 1500 കിലോമീറ്റര്‍ല അതിര്‍ത്തിയാണ് ഉത്തര കൊറിയക്കുള്ളത്. ചൈനയിലെയും ഉത്തര കൊറിയയിലെയും ജനങ്ങള്‍ പൊതുവെ അതിര്‍ത്തി കടന്ന് പോകാറുണ്ട്. അതിര്‍ത്തി കടന്നുള്ള വ്യാപാരവും സാധാരണമാണ്. എന്നാല്‍ ചൈനയില്‍ വൈറസ് പടരാന്‍ തുടങ്ങിയതോടെ ഉത്തര കൊറിയ അതിര്‍ത്തി പൂര്‍ണമായി അടച്ചു. വ്യാപാരവും ആളുകളുടെ സഞ്ചാരവും കര്‍ശനമായി വിലക്കി. അതിര്‍ത്തിയില്‍ സൈനികര്‍ കാവലും ശക്തമാക്കി. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കി. ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ഇത്തരത്തിലുള്ള കര്‍ശന നടപടികളാണ് രാജ്യത്തെ വൈറസില്‍ നിന്ന് രക്ഷിച്ചതെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്.
ഉത്തര കൊറിയയുടെ അവകാശവാദം വ്യാജമാണെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്‍ധര്‍ പറയുന്നുത്. കൊറോണ വൈറസ് ബാധിച്ച് ഉത്തര കൊറിയയില്‍ ഇതിനകം 200 ഓളം സൈനികര്‍ മരിച്ചതായി ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി ഡെയിലി എന്‍കെ ന്യൂസ് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്‍തു. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന 4000ത്തിലേറെ ആളുകള്‍ തടങ്കല്‍ ക്യാമ്പിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ 10000ത്തോളം ജനങ്ങളും നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 4000ത്തോളം ആളുകളെ രോഗമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചതായും വാര്‍ത്തയില്‍ പറയുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 180 സൈനികര്‍ മരിച്ചതായും ദക്ഷിണ കൊറിയന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 3700 ഓളം സൈനികര്‍ക്ക് മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം 141 പേര്‍ക്ക് കൊറോണ വൈറസ് ബാധ സംശയിച്ചതായി ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നന്നും പരിശോധനയില്‍ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നുവെന്നും ഉത്തര കൊറിയ അധികൃതര്‍ പറയുന്നു.
ഉത്തര കൊറിയയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളെ വെടിവെച്ച് കൊന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ചൈനയില്‍ നിന്ന് വന്നയാള്‍ക്കായിരുന്നു രോഗം പിടിപെട്ടത്. കിം ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരം സൈന്യമാണ് ഇയാളെ കൊലപ്പെടുത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ശക്തമായ പ്രതിരോധ സംവിധാനങ്ങളിലൂടെ വൈറസിനെ തടഞ്ഞുനിര്‍ത്തിയെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നതെങ്കിലും ഇത് ലോകം വിശ്വസിക്കുന്നില്ല. ഉത്തര കൊറിയ വൈറസ് ബാധ മറച്ചുവെക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര സംഘടനകള്‍ക്ക് ഉത്തര കൊറിയയില്‍ പ്രവേശിക്കാനോ രേഖകള്‍ പരിശോധിക്കാനോ സാധ്യമല്ല. മാത്രമല്ല, മാധ്യമങ്ങള്‍ക്കും കടുത്ത നിയന്ത്രണമുണ്ട്. അതിനാല്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രമാണ് ലഭ്യമാകുന്നത്.