ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി (മെഡിക്കൽ ഗൈഡ് വയർ) തുന്നിച്ചേർത്തതായി പരാതി. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെയാണ് ഇടുക്കി ബൈസൺവാലി സ്വദേശിയായ ഏഴാനിക്കാട്ട് ഷൈജു നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. അബുദാബിയിൽ ജോലി ചെയ്യുന്ന ഷൈജു കാലിലെ വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി കഴിഞ്ഞ മെയ് മാസത്തിലാണ് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഏതാനും ആഴ്ചകൾക്കുള്ളിൽ മുറിവുണങ്ങി സുഖപ്പെടുമെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്ന് ഇയാൾ തിരികെ അബുദാബിയിലെ ജോലിസ്ഥലത്തേക്ക് മടങ്ങി.
വിദേശത്തെത്തി ആഴ്ചകൾ കഴിഞ്ഞിട്ടും കാലിലെ മുറിവ് ഉണങ്ങിയില്ലെന്ന് മാത്രമല്ല, അസഹനീയമായ വേദന അനുഭവപ്പെടാനും തുടങ്ങി. ഈ വിവരം കോതമംഗലത്തെ ആശുപത്രി അധികൃതരെ ഫോണിൽ അറിയിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും മുറിവ് തനിയെ ഉണങ്ങുമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടർന്ന് രോഗാവസ്ഥ വഷളാവുകയും കഠിനമായ പനിയും അണുബാധയും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ അബുദാബിയിലെ പ്രാദേശിക ക്ലിനിക്കിൽ വെച്ച് മുറിവ് ഡ്രസ് ചെയ്യുന്നതിനിടെയാണ് മാംസത്തിനുള്ളിൽനിന്ന് നേർത്ത ലോഹക്കമ്പി പുറത്തേക്ക് ഉന്തിനിൽക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പരിഭ്രാന്തനായ യുവാവ് അടിയന്തരമായി ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.































