പത്തനംതിട്ട : നഗര മധ്യത്തില്‍ക്കൂടി കടന്നുപോകുന്ന പത്തനംതിട്ട ശാസ്താംകോവില്‍ – കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ റോഡ് കാടും മാലിന്യവും നിറഞ്ഞ് കിടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സഞ്ചാര യോഗ്യമാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ പത്തനംതിട്ട നഗരസഭ തയ്യാറാകുന്നില്ല. നഗരസഭയുടെ പരിധിയില്‍ വരുന്ന റോഡില്‍ സ്വകാര്യ വ്യക്തികളുടെ കയ്യേറ്റങ്ങളും വര്‍ധിച്ചതോടെ റോഡിന്റെ വീതി പകുതിയിലേറെ കുറഞ്ഞു. പല സ്ഥാപനങ്ങളുടെയും മതിലുകള്‍ റോഡിലേക്ക് ഇറക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കാരണം ഓട്ടോറിക്ഷകള്‍ക്ക് പോലും റോഡിലൂടെ കടന്നുപോകാന്‍ കഴിയില്ല. മാത്രമല്ല സമീപത്തെ പല സ്ഥാപനങ്ങളുടെയും മലിനജലം റോഡിലേക്കാണ് ഒഴുക്കി വിടുന്നത്. വര്‍ഷങ്ങളായി വൃത്തിയാക്കാതെ കിടക്കുന്ന ഓടകളില്‍ മലിനജലം കൂടി നിറഞ്ഞതോടെ പ്രദേശത്ത് ദുര്‍ഗന്ധവും രൂക്ഷമാണ്.
പത്തനംതിട്ട നഗരത്തില്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ റോഡ് സഞ്ചാര യോഗ്യമാക്കിയാല്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും. ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ റോഡിലൂടെ കടന്നുപോകാന്‍ കഴിയു. എന്നാല്‍ തുടര്‍ച്ചയായുള്ള കയ്യേറ്റങ്ങള്‍ കാരണം റോഡ് പലയിടത്തും കൈവഴികള്‍ പോലെയായി. റോഡ് നവീകരണം നടത്താന്‍ പത്തനംതിട്ട നഗരസഭ ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും ഇതിന് കഴിഞ്ഞില്ല. അമ്പലം, വക്കീല്‍ ഓഫീസകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡ് ഓഫീസ് എന്നിവയെല്ലാം ഈ റോഡിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നുണ്ട്. റോഡിലേക്ക് ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന രണ്ട് മതിലുകള്‍ റോഡ് നിര്‍മ്മാണത്തിന് പ്രധാന തടസ്സമായി നിലനില്‍ക്കുന്നുണ്ട്. ഇത് പൊളിച്ചുനീക്കിയെങ്കില്‍ മാത്രമേ റോഡ് വീതി കൂട്ടി നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല റോഡിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാന്‍ റവന്യൂ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.































