കോട്ടയം : കറുകച്ചാലിലെ ബസ് ജീവനക്കാരൻ രാഹുലിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. രാഹുലിന്റെ സഹപ്രവർത്തകരായ വിഷ്ണു, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. രാഹുലിനെ ഇരുവരും ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് ഒടുവിൽ തെളിഞ്ഞത്. സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികൾ ഇരുവരും ബസ് കണ്ടക്ടർമാരാണ്. ടിക്കറ്റ് മെഷീൻ കൊണ്ട് തലക്ക് അടിച്ചാണ് രാഹുലിനെ കൊലപ്പെടുത്തിയത്. മരണം ആത്മഹത്യയാക്കി മാറ്റാനും പ്രതികൾ ശ്രമിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് വീടിന് സമീപമുളള റോഡിൽ സ്വന്തം കാറിനടിയിൽ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ തകരാർ പരിഹരിക്കാൻ കാറിനടിയിൽ കയറിയ രാഹുൽ പുറത്തിറങ്ങാനാകാതെ വാഹനത്തിനിടയിൽ പെടുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ രാഹുലിന്റെത് അപകട മരണമല്ലെന്നും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നും മരണം കൊലപാതകമാണെന്നും രാഹുലിന്റെ ഭാര്യ പറഞ്ഞു.
വെളളിയാഴ്ച്ച രാത്രി 7.30 കഴിഞ്ഞ് സുഹൃത്തിന്റെ വിവാഹ സത്ക്കാരത്തിൻ പങ്കെടുത്ത് ഉടൻ മടങ്ങി വരുമെന്ന് ഭാര്യയെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. ഏറെ വൈകിയും വരാതിരുന്നതോടെ രാത്രി പത്തരയ്ക്ക് ശേഷം വീണ്ടും വിളിച്ചപ്പോൾ സുഹൃത്തുക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്ന സംഭാഷണം കേട്ടു. പിന്നീട് വിളിച്ചപ്പോഴൊന്നും ഫോണ്‍ എടുത്തില്ല. ശനിയാഴ്ച്ച രാവിലെ പോലീസ് അറിയിച്ചപ്പോഴാണ് മരണ വിവരം അറിയുന്നതെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുബം രംഗത്തെത്തിയതോടെയാണ് യഥാർത്ഥ വിവരം പുറത്തായത്.