പത്തനംതിട്ട : ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനു പൊതുജനങ്ങളിലേക്കു നിര്‍ദേശങ്ങള്‍ എത്തിക്കാന്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള(എല്‍.എസ്.ഡബ്ല്യൂ.എ.കെ) ജില്ലാ ഘടകത്തിന്റെ അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ ഓടിത്തുടങ്ങി. എല്‍.എസ്.ഡബ്ല്യൂ.എ.കെ നല്‍കിയ 80 അനൗണ്‍സ്‌മെന്റ് വാഹനങ്ങളിലൂടെ കേള്‍പ്പിക്കുന്നതിനുള്ള സിഡി കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് എല്‍.എസ്.ഡബ്ല്യൂ.എ.കെ സംസ്ഥാന വക്താവ് എ.വി.ജോസിന് കൈമാറി.മുഖ്യമന്ത്രി പിണറായി വിജയന്റെയും ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെയും കൊറോണയെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങളാണ് അനൗണ്‍സ്‌മെന്റിലുള്ളത്.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും രണ്ടു വാഹനങ്ങള്‍ വീതം അനൗണ്‍സ്‌മെന്റ് നടത്തും. ഡിഎംഒ(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്എം ഡിപിഎം: ഡോ.എബി സുഷന്‍, എല്‍.എസ്.ഡബ്ല്യൂ.എ.കെ ജില്ലാ പ്രസിഡന്റ് രാജന്‍ ഫിലിപ്പ്, ജില്ലാ സെക്രട്ടറി ബി.പ്രേംജിത്ത്, ജില്ലാ ട്രഷറര്‍ ഇ.ജെ ജോബ് എന്നിവര്‍ ഫ്‌ലാഗ് ഓഫിന് നേതൃത്വം നല്‍കി.