ദുബായ് : മകന്റെ പത്താം ക്ലാസ് വിജയം ആഘോഷിക്കാന്‍ നാട്ടിലേക്കു മടങ്ങവെ പ്രവാസി മലയാളി വിമാനത്താവളത്തില്‍ മരിച്ചു. കോഴിക്കോട് സ്വദേശിയായ പവിത്രന് മഞ്ചക്കല്‍ (50) ആണ് റാസല്‍ഖൈമ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചത്.
ചൊവ്വാഴ്ച എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ പവിത്രന്റെ മകന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചിരുന്നു. ഇതിന്റെ സന്തോഷത്തിലായിരുന്നു പവിത്രന്. എന്നാല്‍ ചൊവ്വാഴ്ച ഹൃദയാഘാതത്തിന്റെ രൂപത്തില്‍ പവിത്രനെ തേടി മരണമെത്തുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പവിത്രന് മൂന്നു മാസം മുമ്പ് ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് തിരികെ ലഭിച്ചത്. മറ്റു മലയാളികളുടെ സഹായത്തിലാണ് ഇദ്ദേഹം നാട്ടിലേക്കു മടങ്ങാന്‍ ടിക്കറ്റെടുത്തതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
റാസല്‍ഖൈമ വിമാനത്താവളത്തില്‍നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനം രാത്രി 11.33-ന് ആണ് പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് സ്ഥലത്തുവച്ച് ഇദ്ദേഹം കുഴഞ്ഞുവീണു. ഉടന്‍ വൈദ്യസഹായം നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സുമിത്രയാണ് ഭാര്യ. ധനുഷ, ധമന്യ, ധനൂപ് എന്നിവര്‍ മക്കളാണ്.