തിരുവനന്തപുരം : കെ.സുധാകരനെ കെപിസിസി അധ്യക്ഷനാക്കിക്കൊണ്ടുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. തീരുമാനത്തോട് മുഖം തിരിച്ചുനില്‍ക്കുന്ന ഗ്രൂപ്പ് നേതാക്കള്‍ സുധാകരനോട് സഹകരിക്കില്ലെന്ന ആശങ്ക ഹൈക്കമാന്‍ഡ് കാര്യമായെടുക്കുന്നില്ല.
വി.എം.സുധീരന് പാതിവഴിയില്‍ പടിയിറങ്ങേണ്ടിവന്നു, മുല്ലപ്പള്ളി രാമചന്ദ്രനാകട്ടെ കാര്യമായി പ്രവര്‍ത്തിക്കാനുമായില്ല. ഗ്രൂപ്പില്ലാതാക്കാന്‍ ഹൈക്കമാന്‍ഡ് നടത്തിയ മുന്‍ പരീക്ഷണങ്ങള്‍ പരാജയമായ സാഹചര്യത്തില്‍ സുധാകരനും അതേ സ്ഥിതിയുണ്ടാകുമോയെന്നാണ് ഒരു വിഭാഗത്തിന്റ ആശങ്ക. എന്നാല്‍ അന്നത്തെ സാഹചര്യമല്ല ഇപ്പോഴത്തേതെന്നാണ് ഹൈക്കമാന്‍ഡിന്റ വിലയിരുത്തല്‍.
പരാജയത്തിന്റ പടുകുഴിയില്‍ വീണ പാര്‍ട്ടിയെ രക്ഷിക്കാന്‍ ഗ്രൂപ്പിന് അതീതനായ ഒരാള്‍ വരണമെന്ന ചിന്ത താഴെത്തട്ടിലെ ബഹുഭൂരിപക്ഷം നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ട്. ഗ്രൂപ്പ് നേതാക്കള്‍ നിസഹകരണ മനോഭാവം സ്വീകരിച്ചാലും താഴേത്തട്ടില്‍ അത് ഫലിക്കില്ല. മാത്രമല്ല അടുത്തെങ്ങും തെരഞ്ഞെടുപ്പ് നടക്കാനില്ലെന്നിരിക്കെ ഗ്രൂപ്പിസം ഇല്ലാതാക്കാന്‍ ഇതിലും നല്ലൊരു അവസരമില്ലെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു. ആരെ പ്രഖ്യാപിച്ചാലും അംഗീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടിയടക്കം പറഞ്ഞെങ്കിലും തീരുമാനം വരുന്നതോടെ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നുറപ്പാണ്. ഗ്രൂപ്പ് നേതൃത്വങ്ങളുടെ അതൃപ്തി സമയമെടുത്ത് പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
അതേസമയം ആരെയും പ്രകോപിപ്പിക്കാതെ കരുതലോടെയാണ് സുധാകരന്റ നീക്കങ്ങള്‍. തീരുമാനം പ്രഖ്യാപിക്കുന്നതുവരെ പരസ്യ പ്രതികരണം പാടില്ലെന്ന് സുധാകരനോട് ഹൈക്കമാന്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. അത് അതേപടി അനുസരിച്ച സുധാകരന്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്. ഒരു മാസത്തിലേറെയായി തിരുവനന്തപുരത്ത് തങ്ങുന്ന സുധാകരന്‍ ആയുര്‍വേദ ചികിത്സയിലായതില്‍ കഴിഞ്ഞദിവസം ലക്ഷദ്വീപ് വിഷയത്തില്‍ കൊച്ചിയില്‍ നടന്ന പ്രതിഷേധത്തിലും പങ്കെടുത്തില്ല.