പത്തനംതിട്ട : വടശേരിക്കര പേഴുംമ്പാറ കാവനാല്‍ നിവാസികളുടെ 10 വര്‍ഷത്തെ വിഷമാവസ്ഥയ്ക്ക് വൈദ്യുതി മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ അദാലത്തില്‍ ശുഭപര്യവസാനം. തങ്ങളുടെ വീടിന് മുകളിലൂടെയുള്ള ലൈന്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. അവസാനമാണ് പരാതിയുമായി വൈദ്യുതി മന്ത്രി എം എം മണിയുടെ അദാലത്തിലെത്തിനെത്തിയത്.
കാവനാല്‍ പ്രദേശത്ത് ഭൂരിഭാഗം പേര്‍ക്കും സ്വന്തമായി വീട് വയ്ക്കുന്നതിന് 10 സെന്റ് സ്ഥലം മാത്രമാണുള്ളത്. ഈ സ്ഥലത്തു കൂടിയാണ് മാടമണില്‍ നിന്നും 11 കെ വി ലൈന്‍ കടന്നു പോകുന്നത്. ഇത് നിലവിലുള്ള വീടുകള്‍ക്കും പുതുതായി വീട് വയ്ക്കുന്നവര്‍ക്കും സുരക്ഷിതത്വമില്ലായ്മ ആണെന്നും അതിനാല്‍ ലൈന്‍ മാറ്റി സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികള്‍ പരാതിപ്പെട്ടത്. മന്ത്രി പരാതി പരിശോധിച്ചു. ഈ പ്രദേശത്തെ ഭൂരിഭാഗം പേരും ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവരാണ്. അതിനാല്‍ പ്രവര്‍ത്തിക്കു വേണ്ടി വരുന്ന 2,83,576 രൂപ വൈദ്യുതി ബോര്‍ഡിന്റെ ചെലവില്‍ പൂര്‍ത്തീകരിക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശം കേട്ട അദാലത്തിനെത്തിയ പ്രദേശ വാസികള്‍ സംസ്ഥാന സര്‍ക്കാരിനും മന്ത്രിക്കും വൈദ്യുതി ബോര്‍ഡ് അസി.എഞ്ചിനീയര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറഞ്ഞാണ് മടങ്ങിയത്.