തിരുവനന്തപുരം: അഞ്ച് മാസത്തിനുള്ളില്‍ മുഖം മിനുക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ഇ-ഗവേര്‍ണന്‍സും കമ്പ്യൂട്ടര്‍വത്ക്കരണവും നടപ്പാക്കി അത്യാധുനിക സാങ്കേതിക സംവിധാനത്തോടെ സര്‍വ്വീസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സി തീരുമാനം. ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ വാഹനങ്ങളിലും ജി.പി.എസ് സംവിധാനം നടപ്പിലാക്കും. ജി.പി.എസുമായി ബന്ധപ്പെടുത്തി പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും വരും. ഇതിലൂടെ വാഹനങ്ങളുടെ ലൈവ് ട്രാക്കിംഗ് ലഭ്യമാകും. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ലൈവ് ട്രാക്കിംഗ് ആപ്പ് സേവനവും ലഭ്യമാക്കും. തുടര്‍ന്ന് ഓരോ റൂട്ടിലെയും ബസ് ഷെഡ്യൂള്‍, റൂട്ട് മാറ്റങ്ങള്‍, ബസിന്റെ കൃത്യമായ തത്സമയ ലൊക്കേഷന്‍ എന്നിവ യാത്രക്കാരുടെ വിരല്‍ തുമ്പില്‍ കിട്ടും.
വാഹനങ്ങളുടെ സര്‍വ്വീസിനിടെ സീറ്റ് ലഭ്യത ഏത് സമയത്തും യാത്രക്കാര്‍ക്ക് അറിയുവാന്‍ സാധിക്കും. വാഹനങ്ങളുടെ സ്പീഡ് കൃത്യമായി ലഭിക്കുന്നതിനാല്‍ ഡ്രൈവര്‍മാരുടെ ഓവര്‍ സ്പീഡിംഗ്, അലക്ഷ്യമായ ഡ്രൈവിംഗ് എന്നിവ നിരീക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താനും സാധിക്കും. ഓരോ ബസും സര്‍വ്വീസ് നടത്തിയ കൃത്യമായ ദൂരം ലഭ്യമാകുന്നതിനാല്‍ ഫ്ലീറ്റ് യൂട്ടിലൈസേഷന്‍ കാര്യക്ഷമാക്കാനുള്ള വിവരങ്ങള്‍ വേഗത്തില്‍ മാനേജ്മെന്റിന് ലഭ്യമാകുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നടപ്പിലാക്കി മാനേജ്‌മെന്റിന് ആവശ്യമായ വിവരങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നതിനും അതിലൂടെ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും സാധിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി വിലയിരുത്തല്‍. ജീവനക്കാരുമായും സര്‍വ്വീസ് നടത്തിപ്പുമായും ബന്ധപ്പെട്ട എല്ലാ അടിസ്ഥാന വിവരങ്ങളും കമ്പ്യൂട്ടര്‍വത്‌ക്കരണത്തിലൂടെ സാദ്ധ്യമാകും. വാഹനങ്ങളുടെ നിയന്ത്രണത്തിനും വിശകലനത്തിനും യാത്രക്കാരെ സഹായിക്കുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആധുനിക കണ്‍ട്രോള്‍ സെന്ററും ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തനം ആരംഭിക്കും.
ക്യാഷ്‌ലെസ് സൗകര്യമുള്ള ആധുനിക ടിക്കറ്റിംഗ് സംവിധാനം ജി.പി.എസുമായി ബന്ധിപ്പിച്ച് നടപ്പിലാക്കും. എല്ലാത്തരം ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളും, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഇലക്‌ട്രോണിക് ടിക്കറ്റിംഗ് മെഷീന്‍ സംവിധാനമാണ് നടപ്പില്‍ വരുത്തുന്നത്. മൊബൈല്‍ ടിക്കറ്റിംഗ് സംവിധാനവും ഈ മെഷീനുകളില്‍ ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റിംഗ് സംവിധാനത്തെ ജി.പി.എസുമായി ബന്ധപ്പെടുത്തുന്നതിനാല്‍ യാത്രക്കാര്‍ക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളിലെ തത്സമയ സീറ്റ് വിവരങ്ങള്‍ ലഭിക്കുകയും ടിക്കറ്റ് റിസര്‍വേഷന്‍ കാര്യക്ഷമമാകുകയും ചെയ്യും.
ഈ പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയില്‍ നിലവിലുള്ള എല്ലാ സോഫ്റ്റ് വെയര്‍, ഹാര്‍ഡ്‌വെയര്‍ സംവിധാനങ്ങളും ആധുനികവത്കരിക്കും. പദ്ധതിയുടെ പൂര്‍ണമായ ചുമതല മാനേജിംഗ് ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കുമെന്നും 5 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നുമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 16.98 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവെന്ന് കെ.എസ്.ആര്‍.ടി.സി ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു.