കുണ്ടറ: വീടിനു സമീപത്തെ പുരയിടത്തിൽ അബോധാവസ്ഥയിൽ കാണപ്പെട്ട യുവാവ് മരിച്ചു. കുമ്പളം ഡാലി ഭവനിൽ യേശുദാസന്റെ മകൻ ബാബു (38) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രി 9 ന് ബാബുവിനെ അവശനിലയിൽ കുമ്പളത്തെ വീടിനു സമീപം കണ്ടെത്തുകയായിരുന്നു. അയൽവാസികൾ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്.
ബാബുവും മറ്റ് ആറുപേരും ചേർന്ന് ചൊവ്വാഴ്ച വൈകിട്ട് മദ്യപിച്ച ശേഷം വാക്കേറ്റവും അടിപിടിയും നടന്നതായി പറയുന്നു. അതിനു ശേഷം ബാബു വീട്ടിലേക്കു പോയി. മർദനമേറ്റതാണു മരണകാരണമെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹം കൊല്ലം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.





























