ആലപ്പുഴ: ആലപ്പുഴയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊറോണ ബാധിതരുടെ രക്തസാമ്പിളുകള്‍ പരിശോധിക്കാന്‍ തുടങ്ങി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടര്‍മാര്‍ക്കാണ് പരിശോധന ചുമതല. ഒരു ദിവസം 200 രക്തസാമ്പിളുകള്‍ പരിശോധിക്കാനാവും. വേഗത്തില്‍ രോഗബാധ സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിക്കും. ഏഴ് മണിക്കൂറില്‍ ഫലം ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ആലപ്പുഴ മെഡിക്കല്‍കോളേജിന്റെ ഇ ബ്ലോക്കില്‍ അത്യാഹിത വിഭാഗത്തിന്റെ മുകള്‍ ഭാഗത്തായാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതേയുള്ളൂ.
ഇതുവരെ പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശോധന നടത്തിയിരുന്നത്. എന്നാല്‍ ഇവിടെ നിന്ന് പരിശോധനാ ഫലം ലഭിക്കാന്‍ വൈകുന്നത് കേരളത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ സജ്ജമായിരുന്നെങ്കിലും പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആലപ്പുഴയില്‍ പരിശോധന നടത്താനുള്ള അനുമതി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൊറോണബാധ സംബന്ധിച്ച രക്തസാമ്പിളുകള്‍ പരിശോധിക്കാന്‍ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ഇവിടെ പരിശോധന നടത്തുന്നതിനുള്ള അനുമതി ലഭിച്ചു. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ഇന്നലെ മുതല്‍ രക്തസാമ്പിളുകള്‍ സ്വീകരിച്ച് തുടങ്ങിയത്.