വയനാട്: വയനാടിനെ നടുക്കിയ പുത്തുമല ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. മുണ്ടക്കൈയ്ക്കും ചൂരൽ മലയ്ക്കും മുന്നേ വയനാട് കണ്ട വലിയ ഉരുൾപൊട്ടലായിരുന്നു പുത്തുമലയിലേത്. ഇവിടെ നിന്നൊലിച്ച് പോയ അഞ്ച് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അന്നും കനത്ത മഴയായിരുന്നു. പുത്തുമലയ്ക്ക് മുകളിൽ പച്ചക്കാട് നിന്നും മലയൊന്നാകെ പൊട്ടിയൊഴുകി നിറയെ ആളുകൾ താമസിച്ചിരുന്ന പുത്തുമലയിലേക്കെത്തി. വൈകിട്ടാണ് ഉരുൾപൊട്ടലുണ്ടായത്. ഓടി മാറാൻ പോലും കഴിയാതെ 17 ജീവനുകൾ മണ്ണിലമർന്നു. 58 വീടുകൾ പൂർണ്ണമായും തകർന്നു. പുത്തുമലയിലെ താമസക്കാരനായിരുന്ന പൂത്തറ തൊടികയിൽ കുഞ്ഞിമുഹമ്മദിന് നഷ്ടമായത് ഉറ്റവരെയും ബന്ധുക്കളെയുമാണ്.
മലമുകളിൽ ഇന്നും താമസക്കാരനായുള്ളത് ശ്രീകുമാർ മാത്രമാണ്. ഉരുൾപൊട്ടി പോയ ഇടമെല്ലാം വീണ്ടും പച്ചപിടിച്ചു. പക്ഷേ അവിടുണ്ടായിരുന്ന മനുഷ്യ ജീവിതങ്ങൾ പഴയതു പോലായില്ല. ഒരിക്കലും ഉണങ്ങാത്ത വലിയൊരു മുറിവാണ് പുത്തുമലയും. കേരളം മുങ്ങിയ 2019 ആഗസ്‌ത് എട്ടിനായിരുന്നു പുത്തുമലയുടെ മുകളിൽനിന്ന് പച്ചക്കാട് കുത്തിയൊലിച്ചത്. വൈകിട്ട് നാലിന് ഉരുൾപൊട്ടി പുത്തുമല ചാലിയാറിലേക്ക് ഒഴുകി. നൂറിലധികം വീടുകളും 17 മനുഷ്യജീവനും ഒലിച്ചുപോയി. വാഹനങ്ങളും വളർത്തുമൃഗങ്ങളും മണ്ണടിഞ്ഞു. ഹെക്ടർ കണക്കിന് ഭൂമി നാമാവശേഷമായി. മണിക്കൂറുകൾക്ക് മുമ്പ് പ്രദേശത്തെ ഭൂരിപക്ഷംപേരെയും ഒഴിപ്പിച്ച ജാഗ്രതയാണ് വൻദുരന്തം ഒഴിവാക്കിയത്. ഒലിച്ചുപോയ വീടുകളിൽ താമസിച്ചിരുന്നത് നാനൂറോളം പേരായിരുന്നു.
തിരച്ചിലിൽ 12 മൃതദേഹം ലഭിച്ചു. കാണാതായ അഞ്ചുപേരെ മരിച്ചതായി പരിഗണിച്ച് സർക്കാർ ആനുകൂല്യം നൽകി. പൂത്തറത്തൊടി ഹംസ, എടക്കാടൻ നബീസ, കന്നങ്കാടൻ അബൂബക്കർ, നാച്ചിവീട്ടിൽ അവറാൻ, ഹാരിസൺ എസ്‌റ്റേറ്റ് തൊഴിലാളി അണ്ണയ്യൻ എന്നിവരെയാണ് കാണാതായത്. പുത്തുമലക്കാരെ സർക്കാർ മേപ്പാടി പൂത്തക്കൊല്ലിയിൽ പുനരധിവസിപ്പിച്ചു. സംഘടനകളുടെ സഹകരണത്തോടെ 63 വീട് നിർമിച്ചുനൽകി. ശേഷിച്ചവർക്ക് വീടും സ്ഥലവും വാങ്ങാൻ പണം നൽകി. ജീവിതം വീണ്ടും തളിരിടുമ്പോഴാണ് തൊട്ടടുത്ത ചൂരൽമലയെയും മുണ്ടക്കൈയെയും ഉരുളെടുത്തത്.