തിരുവനന്തപുരം: വിവാഹ മോചന കേസിൽ ഒത്തുതീർപ്പിനായി കൈപ്പറ്റിയ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം പത്താംകല്ല് വി.ഐ.പി ജംഗ്ഷൻ സുലേഖ മൻസിലിൽ അഡ്വ.യു.സുലേഖ (57), കരിപ്പൂർ കാരാന്തല പാറമുകൾ വീട്ടിൽ നിന്ന് പുലിപ്പാറ സിജ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന വി.അരുൺ ദേവ് (52) എന്നിവരെയാണ് നെടുമങ്ങാട് പോലീസിൻ്റെ അന്വേഷണ സംഘം തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. സുലേഖയെ ഒളിവിൽ താമസിക്കാൻ സഹായിച്ചതിനാണ് അരുൺ പിടിയിലായത്.
കേസിലെ മറ്റൊരു പ്രതിയായ സുലേഖയുടെ ഭർത്താവ് ഒളിവിലാണ്. വിവാഹ മോചനവുമായി ബന്ധപ്പെട്ട കുടുംബ കോടതി മധ്യസ്ഥ നടപടിക്കിടെ, കേസിലെ കക്ഷിയായ നെടുമങ്ങാട് ഐക്കരവിളാകം സ്വദേശി നൽകിയ 40 ലക്ഷം രൂപ എതിർ കക്ഷിക്ക് കൈമാറാതെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് കേസ്. 2025 ജൂലൈയിൽ ഐക്കരവിളാകം സ്വദേശി 40 ലക്ഷം രൂപ അഭിഭാഷകയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. ഈ അക്കൗണ്ടിൽ 28.80 ലക്ഷം രൂപയാണ് ഇപ്പോൾ ബാക്കിയുള്ളത്.





























