കോഴിക്കോട്: എല്‍.ഡി.എഫ് പ്രകടനപത്രിക കർഷക ദ്രോഹമാണെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു. പ്രകടന പത്രികയിൽ പശ്ചിമഘട്ട ഭൂപ്രശ്നങ്ങൾ എന്ന തലക്കെട്ടിൽ 736 ആം ഐറ്റമായി ‘പരിസ്ഥിതി ദുർബല പ്രദേശങ്ങൾ (ESZ, EFL, Ecologically Sensitive Slopes) വ്യക്തമായി തിരിച്ചറിഞ്ഞ് ഇത്തരം പ്രദേശങ്ങളിൽ നിയന്ത്രിത വികസനം’ മാത്രമേ അനുവദിക്കൂ എന്ന് പറയുന്നു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ കാലം മുതൽ ESA, ESZ, EFL, ബഫർ സോൺ എന്നിങ്ങനെ വിവിധ പേരുകളിൽ കർഷകന്റെ ഭൂമിയിലേക്ക് വനം വളർത്തുന്ന വിവിധ പദ്ധതികളെ സമരം ചെയ്ത് തോൽപ്പിച്ച പാരമ്പര്യമുള്ള കേരളത്തിന്റെ മലയോര മേഖലയിലേക്ക് എല്‍.ഡി.എഫിന്റെ വക പുതിയൊരു ഇരുട്ടടി കൂടി വന്നിരിക്കുകയാണ്. അതാണ് പരിസ്ഥിതി ദുർബല ചെരിവുകൾ – ESS.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും അതിനുശേഷം വന്ന കസ്തൂരിരംഗൻ റിപ്പോർട്ടും അതിനുശേഷം വന്ന ബഹർസോണും ഒക്കെ ഏറ്റവും പ്രധാനമായും മുന്നോട്ടു വെച്ചിരുന്നത് വികസന നിരോധനവും നിർമ്മാണ നിരോധനവും ഭൂ ഉപയോഗത്തിലുള്ള നിയന്ത്രണങ്ങളും കർഷകന്റെ ഭൂമിയില്‍ വനം വകുപ്പിനുള്ള മേൽക്കോയ്മയും ആയിരുന്നു. അതേ നിയന്ത്രണങ്ങൾ തന്നെ ESS എന്ന ഓമനപ്പേരിൽ കേരളത്തിലെ മലയോര കർഷകരുടെ പറമ്പിലേക്ക് അടിച്ചേൽപ്പിക്കും എന്നാണ് ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിൽ പറയുന്നത്. ഇത് മലയോര ജനതയോടുള്ള വെല്ലുവിളിയും ചെറുത്തു തോൽപ്പിക്കേണ്ട അനീതിയുമാണ്. അതോടൊപ്പം തന്നെ എല്ലാ വനമേഖലകളിലും കോർ സോണും ബഫർസോണും ഉണ്ടാക്കുമെന്നും പറയുന്നു. നിലവിൽ കോർസോണും ബഫർസോണും ഉള്ളത് ഏറ്റവും കടുത്ത നിബന്ധനകൾ ഉള്ള ടൈഗർ റിസർവുകളിൽ മാത്രമാണ്.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 38V പ്രകാരമാണ് ഇങ്ങനെ കോർസോണും ബഫർസോണും നിശ്ചയിക്കുന്നത്. അങ്ങനെ ടൈഗർ റിസർവുകൾക്ക് മാത്രം ബാധകമായ കോർസോൺ ബഫർസോൺ നിബന്ധനകൾ കേരളത്തിലെ മുഴുവൻ വനത്തിലേക്കും വ്യാപിപ്പിക്കും എന്നാണ് എല്‍.ഡി.എഫ് പറയുന്നത്. കോർസോണും ബഫർസോണും ഉണ്ടാക്കിയാൽ തീരുന്നതാണ് കേരളത്തിലെ വന്യജീവി ആക്രമണം എന്നതാണ് എല്‍.ഡി.എഫ് ധരിച്ചു വച്ചിരിക്കുന്നത് എങ്കിൽ അതങ്ങനെയല്ല എന്ന് എല്‍.ഡി.എഫിനെ പഠിപ്പിക്കാൻ കേരളത്തിലെ കർഷകർ നിർബന്ധിതരാകുമെന്നും അലക്സ് ഒഴുകയിൽ പറഞ്ഞു.
വനാതിർത്തി മേഖലകളിലെ ജനങ്ങളുടെ ജീവിതവും വന ആശ്രിതരായ ആദിവാസികളുടെ ജീവിതവും കൂടുതൽ ദുരിത പൂർണമാക്കാമെന്നല്ലാതെ ഇത്തരം തുഗ്ലക് പരിഷ്കാരങ്ങൾ കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു ഉപകാരവുമില്ല. ഇത്രയും ജനവിരുദ്ധമായ നിർദ്ദേശങ്ങൾ പ്രകടന പത്രികയിൽ എല്‍.ഡി.എഫ് ഉൾപ്പെടുത്തിയത് ഈ രീതിയിൽ വനം വളർത്താം എന്ന് ഉറപ്പു കൊടുത്തുകൊണ്ട് കാർബൺ ഫണ്ട് വാങ്ങിക്കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ചതിക്കെതിരെ കേരളത്തിലെ മുഴുവൻ കർഷകരും ഒറ്റക്കെട്ടായി അണിനിരന്നു കൊണ്ട് പ്രതിരോധം തീർക്കണമെന്നും ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്രയും കടുത്ത കർഷക വിരുദ്ധ നിലപാടുകൾ നടപ്പാക്കാൻ ഒരുങ്ങുന്ന എല്‍.ഡി.എഫിനെ തോൽപ്പിക്കാനായി പരമാവധി പരിശ്രമിക്കണമെന്നും കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ അഭ്യര്‍ത്ഥിച്ചു.































