പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്ക് എതിരെയും പത്തനംതിട്ട നഗരസഭ ഭരണസമിതിയുടെ പിടിപ്പുകേടിനെതിരെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി നഗരസഭാ ഓഫീസ് മാർച്ച് നടത്തി. നഗരസഭ കാര്യാലയത്തിന് മുൻപിൽ നടന്ന യോഗം അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്‌തു. എം.ജെ രവി, അഡ്വ.അബ്‌ദുൾ മനാഫ്, പി കെ അനീഷ്, പി വി അശോക് കുമാർ, വി ആർ ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. മൂന്നു മാസങ്ങൾക്ക് ശേഷമാണ് തദ്ദേശസ്ഥാപനങ്ങളുടെ ആദ്യ ഗഡു സർക്കാർ അനുവദിച്ചത്. മെയിൻ്റനൻസ് ഗ്രാൻഡ് ഇനത്തിൽ 1348 കോടി രൂപ ഇനിയും അനുവദിക്കാനുണ്ട്. റോഡുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികളും ആരോഗ്യ ശുചിത്വ മേഖലയിലെ പ്രവർത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്.
പത്തനംതിട്ട നഗരസഭാ ഭരണസമിതി സമ്പൂർണ്ണ പരാജയമാണ്. പുതിയ നഗരസഭ ബസ്റ്റാൻഡിൽ മുൻ ഭരണസമിതി ആരംഭിച്ച എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ചു. ഇൻഡോർ കോർട്ട് വേണ്ടതില്ല എന്ന് തീരുമാനിച്ചു. അഭിമാന പദ്ധതിയായ ടൗൺ സ്ക്വയറിന്‍റെ പ്രവേശന കവാടത്തിലെ പടികൾ ഇടിച്ചുനീക്കുന്നതിന് കൂട്ടുനിന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായത്. കുമ്പഴ സോണൽ ഓഫീസിൻ്റെ പ്രവർത്തനം കാര്യക്ഷമം അല്ല. ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരില്ല. തെരുവ് വിളക്കുകൾ കത്തുന്നില്ല. മാലിന്യ സംസ്ക്കരണത്തിലെ വീഴ്ച പകർച്ചവ്യാധികൾ വ്യാപിക്കാൻ ഇടയാക്കി. ഈ സാഹചര്യത്തിലാണ് നഗരസഭാ ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച് സംഘടിപ്പിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.




























