കാസർകോഡ് : യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന പരാതിയുമായി എൽഡിഎഫ്. ചെർക്കള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ 113, 114, 115 എന്നീ പോളിംഗ് ബൂത്തുകളിലും എ.എൽ.പി.എസ് ചെങ്കളയിലെ 106, 107 ബൂത്തുകളിലുമാണ് കള്ളവോട്ട് നടക്കുന്നതായി പരാതി ഉയർന്നത്. പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും എൽഡിഎഫ് പരാതിയിൽ ആരോപിക്കുന്നു. എൽഡിഎഫ് പാർലമെൻ്റ് മണ്ഡലം കമ്മറ്റി കൺവീനർ കെ പി സതീശ് ചന്ദ്രനാണ് പരാതി നൽകിയത്. വരണാധികാരി കെ ഇമ്പ ശേഖറിനാണ് പരാതി നൽകിയത്. നേരത്തെ പത്തനംതിട്ട അടൂരില്‍ കള്ളവോട്ട് ആരോപണം വന്നിരുന്നു. അടൂർ തെങ്ങമം തോട്ടുവ സ്കൂളിലെ 134 ആം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്തുവെന്നാണ് പരാതി.
ബിന്ദു എസ് എന്ന ആളുടെ വോട്ട് ആണ് മറ്റാരോ ചെയ്തതെന്ന പരാതി ഉയര്‍ന്നത്. കള്ള വോട്ട് ആരോപണം ശരി വെയ്ക്കുന്ന സംഭവമാണ് അടൂരിലേതെന്ന് ആന്റോ ആന്റണി ആരോപിച്ചു. വ്യാജ ഐഡി കാർഡ് ഉപയോഗിച്ചോ എന്ന് പരിശോധിക്കണമെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. ഇതിനിടെ താമര ചിഹ്നത്തിന് വോട്ടിംഗ് മെഷീനിൽ വലിപ്പം കൂടുതലാണെന്ന പരാതിയുമായി ആന്റോ ആൻറണി രംഗത്തെത്തിയിരുന്നു. താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്. ഇത് പത്തനംതിട്ടയിൽ മാത്രമല്ല. എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ട്. ഇത് വരണാധികാരിയെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി വ്യക്തമാക്കി.