മുംബൈ: ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ രാജിയോടെ ടാറ്റ ട്രസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ആശങ്ക. ടാറ്റ സണ്‍സ്- ടാറ്റ ട്രസ്റ്റ് തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമാകുമെങ്കിലും, പുതിയ ആശങ്കകള്‍ ശക്തമാവുകയാണ്. ടാറ്റ ട്രസ്റ്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞത്.158 വര്‍ഷത്തെ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ സ്ഥിരതയും തുടര്‍ച്ചയും സംബന്ധിച്ചാണ് ഇപ്പോള്‍ ആശങ്ക. വ്യോമയാനം, ഇ-കൊമേഴ്‌സ് മേഖലകളിലെ നഷ്ടങ്ങള്‍ നേരിടുന്നതിനൊപ്പം ആപ്പിള്‍ പോലുള്ള ആഗോള കമ്പനികള്‍ക്കായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലും ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
ചന്ദ്രശേഖരന്റെ രാജിക്ക് പിന്നിലെ പ്രധാന കാരണം ടാറ്റ ട്രസ്റ്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന സാമ്പത്തിക നഷ്ടങ്ങളും ഗ്രൂപ്പ് സ്വീകരിച്ച ചില ബിസിനസ് തന്ത്രങ്ങളുമാണ് ടാറ്റ ട്രസ്റ്റിനെയും അതിന്റെ ചെയര്‍മാന്‍ നോയല്‍ ടാറ്റയെയും അസ്വസ്ഥരാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായ നോയല്‍ ടാറ്റയുടെ എതിര്‍പ്പിനെത്തുടര്‍ന്ന്, ചന്ദ്രശേഖരനെ ചെയര്‍മാനായി വീണ്ടും നിയമിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നുണ്ടായിരുന്നു. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു രാജി പ്രഖ്യാപനം.ടാറ്റ ഗ്രൂപ്പിന് കീഴില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ ഇലക്ട്രോണിക്‌സ് തുടങ്ങി രണ്ട് ഡസനിലധികം കമ്പനികളുണ്ട്.
ഇവയ്ക്ക് സ്വന്തമായി ബോര്‍ഡുകളും നേതൃത്വ സംവിധാനങ്ങളുമുണ്ട്. ടാറ്റ ട്രസ്റ്റുകള്‍ ഗ്രൂപ്പിന്റെ ബിസിനസുകളില്‍ പൊതുവെ അധികം ഇടപെടാത്ത സമീപനമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം പില നിക്ഷേപകര്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്






























