തിരുവനന്തപുരം : മന്ത്രി മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ തന്നെ ഇടത് പ്രവർത്തകർ മര്‍ദ്ദിച്ചുവെന്ന് മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ദീപാ അനില്‍. പോലീസിന്റെ സാന്നിധ്യത്തിൽ പ്രവര്‍ത്തകര്‍ പിന്നില്‍ നിന്നും ചവിട്ടിയെന്ന് ദീപാ അനില്‍ പറഞ്ഞു. കിളിമാനൂരില്‍ കൊച്ചുപാലം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം.പി ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം.
അപ്രതീക്ഷിതമായിട്ടായിരുന്നു മന്ത്രി റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. കാറില്‍ നിന്നും ഇറങ്ങി മന്ത്രി ഉദ്ഘാടനത്തിനായി നാട മുറിക്കാന്‍ എത്തുമ്പോള്‍ ദീപാ അനില്‍ കരിങ്കൊടി വീശുകയായിരുന്നു. പോലീസ് ഇവരെ ബലം പ്രയോഗിച്ചു മാറ്റുകയായിരുന്നു. നിലവില്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്ത് നിരീക്ഷണത്തിലാണ്. നടുവിന് ചതവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. തന്നെ കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് വനിതാ പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും വലിച്ചിഴച്ച് ഓട്ടോറിക്ഷയില്‍ കയറ്റിയാണ് തന്നെ സംഭവ സ്ഥലത്ത് നിന്നും കൊണ്ടുപോയതെന്നും ദീപാ അനില്‍ കൂട്ടിച്ചേര്‍ത്തു.