പത്തനംതിട്ട : ട്രെക്കിങ്ങിനുപോയി കൊടുകാട്ടില്‍ മൂന്നു രാത്രിയും രണ്ടുപകലും ഒറ്റപ്പെട്ടുപോയ ശരണ്യ എന്ന യുവതിയുടെ കഥകള്‍ വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും ഇന്ന് ഏറെ ചര്‍ച്ചചെയ്യുകയാണ്. കാട്ടില്‍ പോകുന്നവര്‍ അത് ആസ്വദിക്കുകയാണെങ്കിലും സാധാരണ ജനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ഭീതിയോടെയാണ് കാണുന്നത്. കാട്ടില്‍ കയറുമ്പോള്‍ കൂട്ടം തെറ്റുന്നതും വഴിതെറ്റുന്നതുമൊക്കെ സ്വാഭാവികമാണ്. പത്തനംതിട്ട അങ്ങാടിക്കല്‍ സ്വദേശിയും പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും സാഹസികനുമായ ജയിന്‍ ജി ഗോപിനാഥ് (ജയിന്‍ അങ്ങാടിക്കല്‍) തന്നെ അനുഭവക്കുറിപ്പുകള്‍ ഫെയിസ് ബുക്കില്‍ പങ്കുവെച്ചത് ഇങ്ങനെയാണ് >>>
കാടുമായി ബന്ധപ്പെട്ട് ഒരുപാട് സംഭവങ്ങൾ കഥകളായും യാഥാർഥ്യങ്ങളുമായി നമ്മുടെ മുന്നിലുണ്ട്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിക്കായി 2005 മുതല്‍ സ്ഥിരം കാടുകേറുമ്പോൾ ഇങ്ങനെ അപകടകരമായ നിരവധി അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്. പണ്ട് പെരിയാറിലും പറമ്പികുളത്തും ഗൈഡിനോടൊപ്പം സഞ്ചരിക്കുമ്പോൾ സമീപത്തുള്ള കുന്നുകൾക്കും അപ്പുറം നിരന്ന സ്ഥലങ്ങളിൽ മൃഗങ്ങൾ മേയുന്നുണ്ടോ എന്നറിയാൻ ഗൈഡ് എന്നെ തനിച്ചാക്കി പോകാറുണ്ട്. കിലോമീറ്ററുകൾക്ക് അപ്പുറം കുന്നിൻചരുവിൽ ആദിവാസി ഗൈഡ് നടന്നുമറയുമ്പോൾ മലമടക്കുകൾക്ക് നടുവിലുള്ള ഘോര വനത്തിൽ തനിച്ചിരിക്കുന്ന അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ഒരിക്കൽ തേക്കടിയിൽ അഞ്ചുരുളിയിൽ ലപ്പകണ്ടം രാജുവിനോടൊപ്പം രാവിലെ മുതൽ ഡാം സൈറ്റ് മൊത്തം കറങ്ങി നടന്നിട്ടും ഒരീച്ചയെപോലും കണ്ടില്ല. ഒടുവിൽ നാലുമണിക്ക് ശേഷം മടങ്ങാറായപ്പോൾ ഇടിമിന്നലോടെ മഴ ചാറിത്തുടങ്ങി. മഴയിൽ ക്യാമറ ഉപയോഗിക്കുക പ്രായോഗികമല്ല. മുന്നില്‍ എന്തുകണ്ടാലും കണ്ണുകൊണ്ട് കണ്ട് ആസ്വദിക്കുക മാത്രമേ വഴിയുള്ളൂ. വളരെ അപ്രതീക്ഷിതമായി കുറെ ദൂരെ ദ്വീപ് പോലെയുള്ള ഭാഗത്ത് ഒരു ആനയും കുഞ്ഞും നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പ്രസവിച്ചിട്ട് മൂന്നോ നാലോ ദിവസമായ കൂട്ടിയാണെന്ന് വഴികാട്ടിയായ രാജു പറഞ്ഞു. പടമെടുക്കാൻ പറ്റിയില്ലെങ്കിലും ആനയെ അടുത്തുകാണാൻ ആഗ്രഹമായി. മൂന്നുകിലോമീറ്റർ അപ്പുറം കിടക്കുന്ന ഒരു ചങ്ങാടം എടുത്തുകൊണ്ട് വരാമെന്നു പറഞ്ഞു ലപ്പകണ്ടം രാജു കാട്ടിൽ ഓടി മറഞ്ഞു. മഞ്ഞും മഴയും കാറ്റും പിടിച്ച വിജനതയിൽ രാജുവിനെകാത്ത് ഏകദേശം ഒരുമണിക്കൂർ ഒറ്റക്ക് കഴിയേണ്ടിവന്നു. വളരെ ഭീതിജനകമായ ഒരു അനുഭവമായിരുന്നു ഇത്.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് മറ്റ് നിരവധി അനുഭവങ്ങള്‍ ഉണ്ടെങ്കിലും സുഹൃത്തുക്കളുമായി അച്ചൻകോവിൽ മാമ്പഴത്തറ വനത്തിൽ പോയ സംഭവം അല്പംകൂടി ഭീകരമായിരുന്നു. മാമ്പഴത്തറ വനഭാഗം കോന്നി അച്ചൻകോവിൽ നിബിഡ വനഭാഗത്തിനോട് ചേർന്നുകിടക്കുന്ന മലകളാണ്. പത്തനാപുരത്തുനിന്നും അച്ചൻകോവിൽ സമാന്തര കാനന പാത കഴുതുരുട്ടിയില്‍ ചെന്നു ചേരും. ഏതാണ്ട് ഇവിടെവരെ നിബിഡവനമാണ്. ഫോട്ടോഗ്രാഫി സുഹൃത്തുക്കളായ വർണം ഷാജി, സന്തോഷ് അമൃത, മോനച്ചൻ തണ്ണിത്തോട്, മനോജ് റോയൽ, ശബരി രാജേന്ദ്രൻ, സന്തോഷ് അടൂർ തുടങ്ങിയവരോടൊപ്പം ഉച്ചക്ക് ശേഷം വെറുതെ ക്യാമറ എടുക്കാതെ ഒന്ന് കാട് കാണാൻ പോയതാണ്.
മാമ്പഴത്തറ ചെക്‌പോസ്റ്റ് കഴിഞ്ഞ് ഒരുകിലോമീറ്റര്‍ ആയപ്പോൾ ജീപ്പ് നിർത്തി, ദൂരെ മലമടക്കുകൾ കാണാൻ നല്ലഭംഗി. എല്ലാവരും അവിടെയിറങ്ങി വനഭംഗി ആസ്വദിച്ചു. തൊട്ടപ്പുറം കടുവ മ്ലാവിനെ കൊന്നു ഭക്ഷിച്ച സ്ഥലം ഞങ്ങൾ കണ്ടിട്ടുണ്ട്, അവിടെ നിന്ന് ചീഞ്ഞ മണം വരുന്നതിനാൽ ഞങ്ങൾ കുറച്ചുകൂടി മാറി നിന്നു. ഞങ്ങൾ നില്കുന്ന സ്ഥലത്ത് നിന്ന് നോക്കിയാൽ കുറച്ചു താഴെ കുഴിയിൽ ഒരു പാറ ഉയർന്നു നില്കുന്നത് കാണാം. എന്തോ ആ പാറയിൽ വരെ പോകണം എന്ന് എന്റെ മനസു പറഞ്ഞു. എന്തോ കാടിന് വല്ലാത്ത ആകര്‍ഷണമാണ്. അനാദിയുടെ പച്ചയായ സ്പര്‍ശനം തിരിച്ചറിയാനുള്ള കഴിവും ചിലര്‍ക്കുമാത്രമുള്ളതാണ്. എന്ന് വെച്ചാൽ കാടിന്റെ സുഖമില്ലാത്ത അവസ്ഥയും, മുള്ളു കൊള്ളുമ്പോളുള്ള നീറ്റലും, സൂര്യന്റെ കൊടും ചൂടും, വന്യതയും, വിജനതയും ഒക്കെ കാടിന്റെ മാത്രം പ്രത്യേകതയാണ്.
ദൂരെ കണ്ട പാറ വീണ്ടും വീണ്ടുമെന്നെ അങ്ങോട്ട് വിളിച്ചുകൊണ്ടേയിരുന്നു. സുഹൃത്തുക്കളോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ അങ്ങോട്ട് നടന്നു. ഞാൻ വിളിക്കാതെതന്നെ ജീപ്പിന്റെ ഡ്രൈവറും എന്നോടൊപ്പം കൂടി. മുള്ളു ചെടികൾ ദേഹത്ത് കൊള്ളാതെ കുനിഞ്ഞു കുനിഞ്ഞ് ഞാൻ കുറെ നടന്നു, കൂടെ ഡ്രൈവറും. അല്‍പ്പം നടന്ന് ശേഷം എഴുന്നേറ്റു നോക്കിയപ്പോൾ ഞങ്ങൾ നടന്നുവന്ന വഴിയും ദൂരെ കണ്ട പാറയും കാണാനില്ല. എന്തായാലും പാറയിൽ ചെന്ന് തൊട്ടിട്ടേ വരൂ എന്നുകരുതി ഞാൻ നടന്നു. ഒടുവിൽ 20 മിനിറ്റ് നടന്നിട്ടും ആ പാറ കാണാനായില്ല. എന്നോടൊപ്പം നടന്നെത്തിയ ഡ്രൈവറോട് ഞാൻ ചോദിച്ചു പാറ എവിടെ ?, ആയാളും കൈമലർത്തി. തിരിഞ്ഞുനോക്കിയപ്പോൾ ഞാൻ വന്ന വഴി ഏതെന്നുപോലും തിരിച്ചറിയാത്തവണ്ണം കാട് പടർന്നു പന്തലിച്ചു കിടക്കുന്നു. എന്തായാലും നടന്നെത്തിയത് ഒരു അരുവിയുടെ കരയിലാണ്.
അവിടെ നിന്ന് വെള്ളം കുടിച്ചു മുഖം കഴുകി. മുള്ളു ചെടികൾ കൊണ്ട് തൊലി കീറി ചോര ഇറ്റുന്നുണ്ട്, അതും കഴുകി കളഞ്ഞു. ശേഷം വന്നവഴിയിലേക്ക് നോക്കി ഞാൻ ഡ്രൈവറോട് പറഞ്ഞു, നമുക്ക് വന്ന വഴി പോയാൽ മുള്ളുകാട് ആണ്, അല്പം മുന്നോട്ട് പോയിട്ട് നടന്നു മുകളിലേക്ക് കയറാം എന്ന്. പറഞ്ഞത് തലകുലുക്കി കേട്ട് ഡ്രൈവർ മിണ്ടാതെ എന്റെ പിന്നാലെ നടന്നു. വലിയ മരങ്ങൾക്കിടയിലൂടെ അരുവിയുടെ കരയിലൂടെ ഒരു മണിക്കൂർ നടന്നിട്ടും മുകളിലേക്ക് കയറാനുള്ള ഒരു ചെറിയ ഗ്യാപ്പ് പോലും ഞങ്ങൾക്ക് കാണാനായില്ല. തിരികെ നടന്നാൽ വീണ്ടും മുള്ള് കൊള്ളാൻ സാധ്യത ഉള്ളതിനാൽ ഞാൻ വീണ്ടും മുന്നോട്ട് നടന്നു. ഒടുവിൽ വാച്ച് നോക്കിയപ്പോൾ സമയം മൂന്നുമണി. ഉച്ചക്ക് ഒന്നരക്ക് സുഹൃത്തുക്കളിൽ നിന്നും വേർപെട്ട ഞാനും ഡ്രൈവറും ഇതുവരെ തിരികെ പോകാൻ വഴി കിട്ടാതെ അലയുകയാണ്.
ഞങ്ങൾ ജീപ്പിൽ വന്ന ദിശ ഒരു കോമ്പസ് പോലെ എന്റെ മനസ്സിൽ കിടപ്പുണ്ട്. കിഴക്കോട്ട് ടാർ റോഡിൽ വന്നാൽ വനത്തിലേക്കിറങ്ങി വീണ്ടും കിഴക്കോട്ട് നടക്കുമ്പോൾ വലത്തുകേറിയാൽ റോഡിലെത്താം എന്നതായിരുന്നു എന്റെ ചിന്ത. പക്ഷെ കാട് കണ്ണുകെട്ടിയ ആ യാത്രയിൽ എങ്ങുമെത്താനായില്ല. നടന്നു നടന്നു സമയം 5 മണി ആകുന്നു, കാട്ടിൽ ഇരുൾ വ്യാപിച്ചു. പ്രത്യേകിച്ച് റാന്നി, പത്തനംതിട്ട, ശബരിമല ഉള്‍പ്പെടുന്ന മേഖല നിബിഢവനമാണ്. ഉച്ചക്ക് പോലും മിക്കസ്ഥലത്തും ഇരുൾ മൂടി കിടക്കും. പുറകെ നടന്ന ഡ്രൈവറെ ഞാൻ ആദ്യമായൊന്ന് തിരിഞ്ഞു മുഖത്തേക്ക് നോക്കി. ആകെപ്പാടെ വിറളിപിടിച്ച ആ മനുഷ്യൻ സ്വബോധം നഷ്ടമാകുന്ന രീതിയിൽ, വിതുമ്പുന്നപോലെ… ഞാൻ അദ്ദേഹത്തെ ധൈര്യപ്പെടുത്തി. കേരളത്തിലെയും ഇന്ത്യയിലെയും വനങ്ങളിൽ കയറി എനിക്ക് പരിചയം ഉണ്ടെന്നും നമ്മൾ ഉടനെ റോഡിൽ എത്തുമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. വനം കൂടുതൽ ഇരുണ്ടു, ദൂരെനിന്നും ആനകളുടെ ചിഹ്നംവിളി കേട്ടുതുടങ്ങി. ഞങ്ങൾ സഞ്ചരിക്കുന്ന ഭാഗം ആനകളുടെ താവളമാണ്. കാരണം മലമുകളിൽ അലഞ്ഞുനടക്കുന്ന മൃഗങ്ങൾ രാത്രി വെള്ളംകുടിക്കാൻ വരുന്ന ചെറു അരുവിയുടെ ഭാഗത്തുകൂടിയാണ് ഞങ്ങൾ നടക്കുന്നത്.
സമയം രാത്രി 7 മണിയാകുന്നു, ഡ്രൈവറോട് ഞാൻ പറഞ്ഞു, ഒരുകാരണവശാലും ഭയക്കരുത്, നമ്മൾ ഉടനെ റോഡിൽ എത്തും. പറഞ്ഞു തീര്‍ന്നില്ല .. ദൂരെ ഒരു ആനകൂട്ടം, ചിഹ്നം വിളിക്കുമ്പോൾ തൊട്ടടുത്ത് വനത്തിലെവിടെയോ മറ്റൊരു ആനകൂട്ടം ചിഹ്നം വിളിക്കുന്നതും കേൾക്കാം. അതിനിടയിലൂടെ എവിടെയോ മനുഷ്യൻ ഉച്ചത്തിൽ കൂവി വിളിക്കുന്ന ശബ്ദവും മലമടക്കുകളിലൂടെ അരിച്ചിറങ്ങി വന്നു. എന്റെ കൂടെയുള്ളവർ ഏതോ മലയ്ക്ക് അപ്പുറം നിന്ന് കൂകി വിളിച്ച് ഞങ്ങൾക്ക് സിഗ്നൽ തരുന്നതാണെന്നു മനസിലായി.
ആ ശബ്ദം വരുന്ന ഭാഗം റോഡ് ആണെന്ന് ഞാൻ മനസിൽ കണ്ടു. ഞാൻ ഡ്രൈവറോട് ചോദിച്ചു, ആ ഭാഗം റോഡ് ആണെങ്കിൽ, അവിടെയല്ലേ അച്ചൻകോവിൽ അമ്പലം?. പേടിയോടെ അദ്ദേഹം പറഞ്ഞു അതെ. ഇപ്പോൾ ഞങ്ങൾ നില്‍ക്കുന്ന വലതുഭാഗം ഇഞ്ചയുടെ വലിയ മുൾകാട് ആണെന്ന് ഞാൻ ഊഹിച്ചു, കാരണം രാത്രിയിൽ കറുത്ത് കാണുന്ന ആ സസ്യത്തിൽ നിറയെ മുള്ളുകൾ ആണ്. ആ മുള്ളുകൾ വകഞ്ഞുമാറ്റി മുന്നേറിയാൽ ഒരുപക്ഷെ റോഡിന്റെ ദിശയില്‍ എത്താനാണ് സാധ്യത.
ഇനി ഒരു വഴിയേ ഉള്ളു. ഇരു കൈകളും മുഷ്ഠിചുരുട്ടി ഇഞ്ച രണ്ട് വശത്തേക്ക് കൈകൾ കൊണ്ട് അടിച്ചു മാറ്റി മുന്നോട്ട് നടന്നു. ഞാൻ നടക്കുന്ന ദിശയില്‍ നടന്നാൽ റോഡിലെത്താം എന്ന കണക്കുകൂട്ടലിലാണ് നടന്നത്. ആനയുടെ ചിഹ്നം വിളി കൂടുതൽ അടുത്തുവരുന്നു, ഒപ്പം ആനച്ചൂരും. കയ്യുടെ തൊലി കീറി രക്തം വാർന്നൊലിക്കുന്നത് നല്ലപോലെ അറിയാം. ഏതാണ്ട് ഇരുപത് മിനിറ്റ് മുൾ കാടുകൾ വകഞ്ഞുമാറ്റി നടന്നപ്പോൾ അല്പം തുറസ്സായ സ്ഥലം വന്നെത്തി. അപ്പോൾ സമയം രാത്രി 8 മണി ആയി. ഉച്ചക്ക് 1.30 ആണ് ഞാൻ പാറയിലേക്ക് നടന്ന സമയം. തുറസ്സായ സ്ഥലത്തെത്തിയപ്പോൾ ശ്വാസം നേരെ വീണു. പക്ഷെ ഞങ്ങൾ ആനകളോട് കൂടുതൽ അടുത്തപോലെ എനിക്ക് തോന്നി. ഇരുളിൽ ആനകൾ നിന്നാൽ അറിയില്ല. മുക്രയിടുകയും ചെവി അടിക്കുകയും ചെയ്യുന്ന ശബ്ദമിപ്പോൾ കയ്യെത്തും ദൂരത്ത് വ്യക്തമായി കേൾക്കാം. ഒടുവിൽ ചെറിയ മൺതിട്ടകളിലൂടെ അള്ളിപ്പിടിച്ചു കയറി റോഡിൽ എത്തിയപോലെ തോന്നി.
അല്പസമയം അവിടെ നിന്നപ്പോൾ ഒരു ചെറിയ സ്കൂട്ടർ ദൂരെനിന്നും വരുന്നത് കണ്ടു. കഴുതുരുട്ടിയില്‍ നിന്നും രാവിലെ ചെറിയ സ്കൂട്ടറിൽ മീൻകച്ചവടത്തിനായി കോന്നിക്ക് പോയ ഒരാളായിരുന്നു അത്. സ്കൂട്ടർ അടുത്തെത്തിയപ്പോൾ കിതച്ചുകൊണ്ട് അയാൾ ചോദിച്ചു, നിങ്ങളെയാണോ ഉച്ചക്ക് കാട്ടിൽ കാണാതെയായത്, പെട്ടന്നുചെല്ലൂ, നാട്ടുകാരും ഫോറസ്റ്റുകാരും എല്ലാവരും കൂടിയിട്ടുണ്ട്. അയാൾ വണ്ടിവിട്ടു പോകുമ്പോൾ ഒന്നുകൂടി പറഞ്ഞു … അങ്ങോട്ട് പോകുന്നവഴി റോഡ് സൈഡിൽ ആനക്കൂട്ടം നിൽപ്പുണ്ട്, സൂക്ഷിച്ചുപോകണം എന്ന്. റോഡിലൂടെ കുറെ ദൂരം നടന്നു. റോഡ് സൈഡിൽ നിന്ന ആനകൂട്ടം ശാന്തരാണ്. അവരെ കടന്ന് ഞങ്ങൾ നടന്നു. അങ്ങുദൂരെ ആൾകൂട്ടം നില്‍ക്കുന്ന പോലെ. ടോർച്ചുലൈറ്റുകൾ മുഖത്തേക്ക് തെളിഞ്ഞു. ഫോറസ്റ്റ് ഓഫീസർമാർ ഓടിവന്നു സംസാരിച്ചു.
കൂട്ടുകാരെല്ലാം ഞങ്ങളെ അന്വേഷിച്ചു ശരിക്കും വിഷമിച്ചിരുന്നു. ഫോറസ്റ്റ് ഓഫീസിൽ ചെന്ന് മുറിവുകൾ കഴുകി. കൂടെയുണ്ടായിരുന്ന ഡ്രൈവറുടെ ദേഹം അത്രക്ക് മുറിഞ്ഞിട്ടില്ല, കാരണം അദ്ദേഹം എന്റെ പിന്നിലായിരുന്നു നടന്നത്. പോകുന്നവഴി ഹോസ്പിറ്റലിൽ കയറി മുറിവ് മരുന്നുകെട്ടി പോകാൻ അവർ പറഞ്ഞു. ഞാൻ മുറിവ് മരുന്നുവെച്ചില്ല. കാടുതന്ന ആ മുറിവുകൾ മരുന്നുവെച്ച് പെട്ടെന്ന് ഉണക്കാൻ എനിക്ക് തോന്നിയില്ല.
































