തിരുവനന്തപുരം : ഓൺലൈൻ ആപ്പിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുന്നതിനിടെ സംസ്ഥാനത്ത് മദ്യവിൽപന ആരംഭിച്ചു. ബെവ്കോ- കൺസ്യൂമർഫെഡ് മദ്യവിൽപന ശാലകളെല്ലാം രാവിലെ 9 മണിക്ക് തുറന്നു. എന്നാൽ പലയിടത്തും ടോക്കൺ പരിശോധനയ്ക്ക് വേണ്ടിയുള്ള യൂസർ നെയിമും പാസ് വേർഡും ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവിൽ മദ്യം വാങ്ങാനെത്തുന്നവരുടെ ടോക്കണിലെ സമയം പരിശോധിച്ചും ടോക്കൺ നമ്പർ രേഖപ്പെടുത്തിയുമാണ് മദ്യവിൽപ്പന ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
ബാറുടമകളിൽ പലർക്കും ആപ്പിലേക്ക് ലോഗിൻ ചെയ്യാനും ബുക്ക് ചെയ്തവരുടെ വിവരങ്ങളെടുക്കാനും സാധിച്ചിട്ടില്ല. ആപ്പിൽ ലോഗിൻ ചെയ്യാനുള്ള പാസ് വേർഡും യൂസർ നെയിമും ഇതുവരെ ലഭിച്ചില്ലെന്നാണ് പരാതി. ആപ്പിൽ ലോഗിൻ ചെയ്താൽ മാത്രമേ ഉപഭോക്താക്കളുടെ ബാർ കോഡ‍് സ്കാൻ ചെയ്ത് പെട്ടെന്ന് മദ്യവിതരണം നടത്താൻ സാധിക്കൂ. അതിനാൽ തന്നെ ബാറുകളിൽ ഇതുവരെ മദ്യവിൽപ്പന തുടങ്ങിയിട്ടില്ല.
അതേസമയം ബെവ്ക്യൂ ആപ്പിനെ ചൊല്ലി വ്യാപക പരാതിയും വിമർശനങ്ങളുമുണ്ടെങ്കിലും വിർച്യൽ ക്യൂ എന്ന ആശയം മദ്യവിൽപ്പന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാൻ സഹായകരമാണ് എന്നാണ് 60 ദിവസങ്ങൾക്ക് ശേഷം മദ്യവിൽപ്പന ശാലകൾ തുറന്നപ്പോൾ വ്യക്തമാകുന്നത്. സംസ്ഥാനത്തെ ഒരു മദ്യവിൽപ്പനശാലയിലും തിരക്കില്ല. എല്ലായിടത്തും പത്തിൽ താഴെ മാത്രം ആളുകളാണ് രാവിലെ 9 മണിക്ക് മദ്യം വാങ്ങാനെത്തിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ബെവ്കോ കേന്ദ്രങ്ങളിലെല്ലാം ഇതു തന്നെയായിരുന്നു അവസ്ഥ. അതേസമയം ഇന്നത്തേക്കുള്ള ടോക്കണുകൾ കൊടുത്തു കഴിഞ്ഞതായി ബെവ്കോ അധികൃതർ അറിയിച്ചു. രാവിലെ ഒൻപത് മണി വരെയാണ് ഇന്നത്തെ ടോക്കൺ നൽകിയത്. നാളെ മദ്യം വാങ്ങാനുള്ള ടോക്കൺ ഉച്ചയ്ക്ക് ശേഷം കൊടുത്തു തുടങ്ങുമെന്നും ബെവ്കോ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വരെ 2.82 ലക്ഷം ടോക്കണുകൾ കൊടുത്തു കഴിഞ്ഞതായി ആപ്പിന്റെ നിർമ്മാതാക്കളായ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചു.