വെല്ലൂര്‍ : ജ്യൂസ് ആണെന്ന് കരുതി മദ്യം കുടിച്ച അഞ്ചു വയസ്സുകാരന്‍ മരിച്ചു. മുത്തച്ഛന്‍ വാങ്ങിവെച്ചിരുന്ന മദ്യം ജ്യൂസ് ആണെന്ന് കരുതി കുടിച്ച അഞ്ചു വയസ്സുകാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ അണ്ണനഗര്‍ കന്നികോവില്‍ സ്ട്രീറ്റിലാണ് സംഭവം. രുകേഷ് എന്ന അഞ്ചുവയസ്സുകാരനാണ് അബദ്ധത്തില്‍ മദ്യം കഴിച്ചത്. രുകേഷിന്റെ മുത്തച്ഛന്‍ ചിന്നസ്വാമി കഴിച്ചശേഷം ബാക്കി വെച്ച ബ്രാന്‍ഡിയാണ് കുട്ടി ജ്യൂസെന്ന് കരുതി കുടിച്ചത്. കുട്ടി മദ്യം കുടിക്കുന്നത് വീട്ടുകാരും കണ്ടില്ല. കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ അവസ്ഥ കണ്ട ആസ്മ രോഗിയായ മുത്തച്ഛന്‍ ചിന്നസ്വാമി ബോധരഹിതനായി.
ഉടന്‍ തന്നെ വീട്ടുകാര്‍ രണ്ടുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ചിന്നസ്വാമി മരിച്ചു. കുട്ടിയെ വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഇരുവരുടേയും മൃതദേഹം പോലീസ് പോസ്റ്റ് മോര്‍ട്ടത്തിനായി വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവാലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.