കോഴിക്കോട് : കേരളത്തില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ വീണ്ടും ഒന്നിക്കുന്നു. എം വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ (എല്‍ ജെ ഡി) മാതൃസംഘടനയായ ജെ ഡി എസില്‍ ലയിക്കും. ജെ ഡി എസുമായുള്ള ലയനത്തില്‍ എല്‍ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കിയതായി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയതലത്തില്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കേണ്ടത് അനിവാര്യമാണെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ലയനത്തില്‍ എതിര്‍പ്പുള്ളവരുമുണ്ട്. ഇതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. വര്‍ഗീയ പാര്‍ട്ടികളുമായി ഒരിക്കലും സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനങ്ങള്‍ ലയനത്തിന് വിലങ്ങുതടിയല്ലെന്ന് ശ്രേയാംസ് പറഞ്ഞു.
പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയാണ് വലുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ ജെ ഡിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത എം വി ശ്രേയാംസ് കുമാര്‍ യോഗത്തില്‍ അറിയിച്ചതായാണ് വിവരം. ലയനം സംബന്ധിച്ച മറ്റ് നടപടി ക്രമങ്ങള്‍ ജെ ഡി എസ് നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും. ഭാരവാഹിത്വം ഇരു പാര്‍ട്ടികളും തുല്ല്യമായി പങ്കിടുമെന്നാണ് റിപ്പോര്‍ട്ട്.