തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക്ക്ഡൗൺ വിലക്കുകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. വളരെ അത്യാവശ്യക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മാത്രം പോലീസിന്റെ സഹായം തേടാമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. വാഹനങ്ങളില്‍ യാത്ര അനുവദിക്കില്ല. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതായും സാമൂഹിക അകലം പാലിച്ച് തൊട്ടടുത്തുള്ള കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാമെന്നും ഡി.ജി.പി. നിര്‍ദ്ദേശിച്ചു.
പലചരക്ക്, പഴം, പച്ചക്കറി കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. പോലീസ് ഓണ്‍ലൈന്‍ വിതരണ ശൃംഖലയായല്ല പ്രവര്‍ത്തിക്കുന്നതെന്നും 9497900999 എന്ന നമ്പറില്‍ വളരെ അത്യാവശ്യ സഹായത്തിന് മാത്രമേ പോലീസിനെ ബന്ധപ്പെടാവൂ എന്നും ഡി.ജി.പി. പറഞ്ഞു.
അതേസമയം, കുടുംബശ്രീ സഹായത്തോടെ ജില്ലയില്‍ 10 ജനകീയ ഹോട്ടല്‍ തുടങ്ങുമെന്നും കുടുംബശ്രീ ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി അനുവദിക്കുമെന്നും റെയില്‍വേ, വിമാനത്താവള ഡ്യൂട്ടിക്കായി കെ.എസ്.ആര്‍.ടി.സി. അനുവദിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.