ഡൽഹി: 18ാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് ഒരുങ്ങി രാജ്യം. ഇന്ന് നടക്കുന്ന ആദ്യ ഘട്ടത്തിൽ 102 മണ്ഡലങ്ങളിലായി 16.63 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 18 ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 1.87 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ ഇന്ന് നടക്കുന്ന ആദ്യ ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ പാർലമെന്റ് മണ്ഡലങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. 8.4 കോടി പുരുഷ വോട്ടർമാരും 8.23 കോടി സ്ത്രീ വോട്ടർമാരും 11,371 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ആദ്യഘട്ടത്തിൽ വോട്ട് ചെയ്യാൻ അർഹത നേടിയിട്ടുണ്ട്. അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും ഇന്നാണ് നടക്കുന്നത്.