പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചത് സുഗമമായി സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന് ജനങ്ങള്‍ക്ക് സഹായകമായെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ബൂത്തുകളില്‍ പരാതികള്‍ ഉയര്‍ന്നുവെങ്കിലും അവ കൃത്യസമയത്ത് പരിഹരിക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയിക്കുവാനും നിരീക്ഷിക്കുവാനും കളക്ടറേറ്റില്‍ സജ്ജീകരിച്ച ഇലക്ഷന്‍ വാര്‍റൂം പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണതൃപ്തനെന്നും കളക്ടര്‍ പറഞ്ഞു.
പോള്‍ മാനേജര്‍, എന്‍കോര്‍ കണ്‍ട്രോള്‍ റൂമും വെബ് കാസ്റ്റിംഗ് കണ്ട്രോള്‍ റൂമും ഇരുപത്തിനാല് മണിക്കൂറും പൂര്‍ണമായും പ്രവര്‍ത്തിച്ചു. വോട്ടിംഗ് ശതമാനം, വോട്ട് ചെയ്ത പുരുഷന്‍മാരുടെ എണ്ണം, സ്ത്രീകളുടെ എണ്ണം എന്നിവ ഉള്‍പ്പെടെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാര്‍ റൂം മുഖേന അതിവേഗം എത്തിക്കാന്‍ കഴിഞ്ഞു. ജില്ലയിലെ 808 ബൂത്തുകളില്‍ തത്സമയ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ലഭ്യമാകാത്ത വിവരങ്ങളും വോട്ടിംഗ് ശതമാനവും സെക്ടറല്‍ ഓഫീസര്‍മാരെ ഫോണില്‍ വിളിച്ച് തെരഞ്ഞെടുപ്പ് വിവരങ്ങള്‍ എടുക്കുന്നതിനുള്ള സംവിധാനവും കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു.