മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ചൊവ്വാഴ്ച മുതല്‍ ഈ വര്‍ഷം അവസാനം വരെ നീളുന്ന ദീര്‍ഘമായ പൊതുമാപ്പ് നിലവില്‍ വന്നു. ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ഇളവ് കിട്ടും. അതേസമയം തന്നെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബെഹ്‌റൈന്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി മുതല്‍ എല്ലാവരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് വ്യവസായ-വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗമുളളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്ന ലോകാരോഗ്യ സംഘടനയുടെ മുന്‍ അഭിപ്രായം പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാറിയിട്ടുണ്ടെന്ന് ടാസ്‌ക് ഫോഴ്‌സ് അംഗം ലെഫ്റ്റനന്റ് കേണല്‍ ഡോ. ഡോ മനാഫ് അല്‍ഖഹ്താനി പറഞ്ഞു.
ഓസ്ട്രേലിയ, ചില ഏഷ്യന്‍-കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് ഗുണകരമായെന്നാണ് മനസ്സിലാക്കുന്നത്. ഫാര്‍മസികളില്‍ മാസ്‌ക് ലഭ്യമാക്കും. ഇതിന് പുറമെ വീടുകളിലുണ്ടാക്കുന്ന മാസ്‌കും ഉപയോഗിക്കാം.ഏപ്രില്‍ ഒമ്പത് വരെ അടച്ചിടണമെന്ന് ഉത്തരവിട്ടിരുന്ന സിനിമാ ശാലകള്‍, ജിം, സലൂണ്‍ തുടങ്ങിയവ തുറക്കുന്നതിനുളള നിരോധനം തുടരും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറി,ബാങ്ക് തുടങ്ങിയവ തുടര്‍ന്നും തുറക്കാമെങ്കിലും മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഇവിടങ്ങളിലെ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. സാമൂഹിക അകലം പാലിക്കാനുളള സംവിധാനവും വേണം. കമ്പനികള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.
വാഹനങ്ങളില്‍ കൊണ്ടുപോകുന്ന തൊഴിലാളികളുടെ എണ്ണം കുറക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. രോഗികളുടെ എണ്ണം ചില ദിവസങ്ങളില്‍ കൂടുതലാണെങ്കിലും കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രണത്തിലാണെന്ന് ആരോഗ്യ മന്ത്രി ഫായിഖ ബിന്‍ത് സായിദ് അല്‍ സാലിഹ് അറിയിച്ചു. രോഗമുക്തരാകുന്നവരുടെ കാര്യത്തില്‍ ബഹ്‌റൈന്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ മുന്നിലാണ്. സല്‍മാബാദ്, ഹിദ്ദ് തുടങ്ങിയ ലേബര്‍ അക്കമഡേഷനുകളിലുളളവരെ കൃത്യമായി നിരീക്ഷിച്ചു വരുകയാണ്. ശാസ്ത്രീയ രീതി അവലംബിച്ച് നടത്തുന്ന റാന്‍ഡം ടെസ്റ്റും രോഗവ്യാപനം തടയും. ഡോ. ജമീല അല്‍ സല്‍മാനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.