പാലാ : ശബരിമല തീർത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് ചരക്കു ലോറിയിലും തുടര്‍ന്ന് ലോട്ടറി വില്പനക്കാരന്റെ മുച്ചക്ര വാഹനത്തിലും ഇടിച്ചു. രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. പാലായ്ക്കടുത്ത് അല്ലപ്പാറയിലാണ് അപകടമുണ്ടായത്. ശബരിമല തീർത്ഥാടകനായ ആന്ധ്രപ്രദേശ് അനന്തപൂർ ജില്ല റായ് ദുർഗ് സ്വദേശി രാജു (40), ലോട്ടറി തൊഴിലാളി കടനാട് സ്വദേശി ചന്ദ്രൻ (50)എന്നിവർ തൽക്ഷണം മരിച്ചു.
ശബരിമല തീർത്ഥാടനം കഴിഞ്ഞുവന്ന ക്രൂയിസർ ജീപ്പാണ് അപകടത്തിൽ പെട്ടത്. പ്രവിത്താനം അടുത്തുള്ള അല്ലാപ്പാറയിൽ ഇന്ന് 12.45 ഓടെയാണ് അപകടമുണ്ടായത്. അമിത വേഗതയിൽ വന്ന ജീപ്പ് റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയും തുടർന്നുള്ള പാച്ചിലിൽ ലോട്ടറി വിറ്റു കൊണ്ടിരുന്ന ചന്ദ്രന്റെ മുച്ചക്ര വാഹനം ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. വാഹനത്തിൽ ആകെ പതിനൊന്ന് പേരാണ് ഉണ്ടായിരുന്നത്. ഒൻപതു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അയച്ചിട്ടുണ്ട്. ജീപ്പിന്റെ ഡ്രൈവർ എന്ന് സംശയിക്കുന്നയാളെ കണ്ടെത്തിയിട്ടില്ല . ഇയാൾ ഉറങ്ങി പോയതാണ് അപകട കാരണമെന്നും നാട്ടുകാർ പറയുന്നുണ്ട്. പാലാ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഞ്ചു മിനിറ്റിനുള്ളിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പാലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.