ഏരൂർ : എണ്ണപ്പനത്തോട്ടത്തിൽ ഉഗ്രശബ്ദം കേട്ട സംഭവത്തിൽ ഖനന ഭൂവിജ്ഞാന വകുപ്പ് പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഏരൂർ എണ്ണപ്പനത്തോട്ടത്തിലെ തൃക്കോയ്ക്കൽ ടവർകുന്ന് പ്രദേശത്താണ് തുടർച്ചയായി മൂന്നു തവണ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നത്. പരിഭ്രാന്തരായ പ്രദേശവാസികളും തൊഴിലാളികളും വിവരമറിയിച്ചതിനെത്തുടർന്ന് ഏരൂർ ഗ്രാമപ്പഞ്ചായത്ത് അധികൃതരും റവന്യൂ വിഭാഗവും പോലീസും സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ നിർദേശപ്രകാരമാണ് മൈനിങ് ആൻഡ് ജിയോളജിക്കൽ വകുപ്പ് സ്ഥലപരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ഏരൂർതോട്ടത്തിലെ എം മൂന്ന് ഡിവിഷനിൽ ടവർകുന്ന് പ്രദേശത്ത് ഉഗ്രശബ്ദം കേട്ടത്. ഈ കുന്നിനു മറുഭാഗത്ത് 1976-ൽ കുന്നിൻചെരുവിൽ ഉരുൾപൊട്ടലുണ്ടായ സംഭവം നാട്ടുകാരുടെ ഓർമ്മയിലുണ്ട്. ഇതാണ് പ്രദേശവാസികളെ ആശങ്കയിലാക്കിയത്. വിവരമറിഞ്ഞയുടൻതന്നെ അധികൃതർ പരിശോധനയ്ക്കെത്തിയിരുന്നു. ഇതുവഴി കടന്നുപോകുന്ന ഇടമൺ-പോത്തൻകോട് 220 കെ.വി. പവർ ലൈനിൽ, വൈദ്യഗിരി എസ്റ്റേറ്റിൽ സ്ഥാപിച്ചിട്ടുള്ള ടവറിൽ ശബ്ദം കേട്ട അതേസമയത്ത് ട്രിപ്പ് ആയതായി ഇടമൺ സബ് സ്റ്റേഷനിൽനിന്ന് അധികൃതർക്കു വിവരം ലഭിച്ചു.
പരിശോധനയിൽ, ഈ ടവറിലെ കാലപ്പഴക്കം ചെന്ന ഇൻസുലേറ്റർ പൊട്ടിത്തെറിച്ചതാകാമെന്ന നിഗമനത്തിലാണ്. ഉരുൾപൊട്ടൽസാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും കൊല്ലം അസിസ്റ്റൻറ് ജിയോളജിസ്റ്റ് വരുൺ, വിഷ്ണുപ്രസാദ് എന്നിവർ അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷം തുടർനടപടി ആലോചിക്കുമെന്നും സംഘം പറഞ്ഞു.





























