ന്യുഡല്‍ഹി : പഞ്ചാബിലെ ലുധിയാനയില്‍ ഇന്നലെ കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ പാക് പിന്തുണയുള്ള ഖാലിസ്താനി ഗ്രൂപ്പുകളാണെന്ന സൂചന.പാക് ചാര സംഘടനയായ ഐ.എസ്.ഐയാണ് ഇവര്‍ക്ക് സഹായം നല്‍കിയിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സംശയം. റെഡ് ഫോര്‍ട്ടിലെ സംഭവത്തിനു ശേഷം പഞ്ചാബില്‍ ഖാലിസ്താനി സംഘടനകള്‍ ആക്രമണത്തിന് തുനിഞ്ഞേക്കാമെന്ന സംശയത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. പാകിസ്താനില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഇവിടെയുള്ള ഖാലിസ്താനി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നത്. ഇത്തരം നിരവധി ശ്രമങ്ങള്‍ പഞ്ചാബ് പോലീസുമായുള്ള സംയുക്ത നീക്കത്തിലൂടെ പരാജയപ്പെടുത്തിയിരുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു മുതിര്‍ന്ന ഓഫീസര്‍ വ്യക്തമാക്കുന്നു.
നാട്ടിലുള്ള ക്രിമിനലുകളുടെ സഹായത്തോടെയാണ് ഇവിടെ സ്‌ഫോടനങ്ങള്‍ നടത്തുന്നത്. ഇത്തരക്കാരെ ഒരു പരിധിവരെ പിടികൂടാന്‍ കഴിഞ്ഞു. എന്നാല്‍ പിടികൂടപ്പെട്ടവര്‍ ചെറുകണ്ണികള്‍ മാത്രമാണ്. നവംബര്‍ പത്താന്‍കോട്ടിലെ സൈനിക കന്റോണ്‍മെന്റ് ഗേറ്റിനു സമീപമുണ്ടായ ഗ്രനേഡ് സ്‌ഫോടനവും പ്രദേശിക ക്രിമിനലുകളെ ഉപയോഗിച്ച് നടത്തിയ ഭീകര പ്രവര്‍ത്തനമായിരുന്നു -അദ്ദേഹം ചൂണ്ടിക്കാട്ടി. ലുധിയാന കോടതി സമുച്ചയത്തില്‍ ഇന്നലെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.