പത്തനംതിട്ട: വനനിയമങ്ങളും ഫോറസ്റ്റ് കൺസർവേഷൻ ആക്ടും കാറ്റിൽ പറത്തി പമ്പാ ത്രിവേണിയിൽ നിന്നും ലക്ഷക്കണക്കിന് രൂപാ വില മതിക്കുന്ന മണൽ അനധികൃതമായി നീക്കം ചെയ്യാന്‍ അനുമതി നൽകിയ നടപടി മുഖ്യമന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രിയുടെയും അറിവേടെ ഉന്നത തലത്തിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. പമ്പയിലെ മണൽ കൊള്ള, കോന്നിയിലെ വനം കൊള്ള എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും പ്രവാസികളോടുള്ള അവഗണനയ്‌ക്കെതിരെയും ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചീഫ് സെക്രട്ടറി, വിരമിച്ച ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ ഹെലികോപ്റ്ററിൽ പറന്നിറങ്ങി മന്ത്രിസഭയുടെയോ വനംവകുപ്പ് മന്ത്രിയുടെയോ അറിവ് കൂടാതെ പമ്പയിൽ അടിയന്തിര യോഗം ചേർന്ന് ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തിയും ശാസിച്ചും കൂടുതൽ മണൽ നീക്കം ചെയ്യുവാൻ ഉത്തരവ് ഇറക്കിയത് അന്വേഷിക്കണം. പൊതുമേഖലാ സ്ഥാപനത്തിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് മണൽ കടത്തിലൂടെ ലാഭം കൊയ്യുവാനാണ് ഈ നീക്കങ്ങള്‍ നടത്തിയതെന്ന് എ.എ.ഷുക്കൂർ ആരോപിച്ചു.
കോവിഡിന്റെ മറവിൽ സംസ്ഥാന സർക്കാർ നടത്തിയ സ്പ്രിംഗ്ഗ്ലര്‍ , ബെവ് ക്യൂ അഴിമതിക്ക് സമാനമായ രീതിയിൽ നടത്തിയ പമ്പയിലെ മണൽ കൊള്ളയ്ക്ക് പിന്നിൽ വൻ അഴിമതി ഉണ്ടെന്നും ഇതെക്കുറിച്ച് അന്വേഷണം നടത്തണമെന്നും എ.എ.ഷുക്കൂർ പറഞ്ഞു. കോന്നി വനം മേഖലയിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന തേക്ക് തടികൾ മുറിച്ചുകടത്തിയ സംഭവത്തിലെ പ്രതികൾ വനം വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെയും കോന്നി എംഎൽഎയുടെയും സംരക്ഷണയിലാണെന്നും അതിനാലാണ് യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും ആൾരൂപമായി മാറിയിരിക്കുകയാണെന്നും എ.എ.ഷുക്കൂർ പറഞ്ഞു
ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭരണകൂടം മണൽ, ക്വാറി മാഫിയയ്ക്കും ഭരണകക്ഷി നേതാക്കളുടെ സമ്മർദ്ദങ്ങൾക്കും വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന് ബാബു ജോർജ് പറഞ്ഞു. മണൽ, വനം കൊള്ളകൾ അന്വേഷിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് ഡിസിസി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജ്, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, സജി കൊട്ടക്കാട്, ഹരികുമാർ പൂതങ്കര, കെ.ജാസീംകിട്ടി, കെ.എൻ.അച്ചുതൻ, സിന്ധു അനിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അബ്ദുൾകലാം ആസാദ്, സലീം പി ചാക്കോ, എസ്.പി.സജൻ എന്നിവർ പ്രസംഗിച്ചു.