പത്തനംതിട്ട : അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ പറഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ അയ്യങ്കാളി ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി വിവേചനത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ നിരന്തര സമരങ്ങളാണ് ഭാരതത്തിൽ അധസ്ഥിത ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചത്.
എന്നാൽ ദളിത് വിഭാഗത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന്‍ ഖർഗെയ്ക്ക് നേരെ ജാതി അധിക്ഷേപം നടത്തുവാൻ സംഘപരിവാർ നടത്തിയ നീക്കം ലജ്ജാവഹമാണെന്നും സുരേഷ് കുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.കെ.ലാലു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.എൻ.രാജൻ, എം.പി രാജു, പാണ്ടിമലപ്പുറം മോഹനൻ, സുരേഷ് പാണിൽ എന്നിവർ പ്രസംഗിച്ചു.































