പത്തനംതിട്ട : മകരവിളക്കിനു മുന്നോടിയായുള്ള സന്നിധാനത്തുള്ള സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് സ്‌പെഷ്യൽ ഓഫീസർ വി. അജിത്തിന്റെയും എഡിഎം അരുൺ എസ് നായരുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വിലയിരുത്തി. പോലീസ്, എൻഡിആർഎഫ്, ആർ പി എഫ്, ഫയർ ഫോഴ്സ്, റവന്യു, ദേവസ്വം ബോർഡ്, കെഎസ്ഇബി, വനം, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ സംയുക്തമായി തിങ്കളാഴ്ച വൈകുന്നേരം സന്നിധാനത്തെ പ്രധാന കേന്ദ്രങ്ങൾ പരിശോധിച്ചു. മകരവിളക്ക് ദർശിക്കാനായുള്ള വ്യൂ പോയിന്റുകളിൽ ബാരിക്കേഡ് സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും സജ്ജമാണ്. മതിയായ വെളിച്ചം, മലയിറങ്ങുന്ന വിവിധ പോയിന്റുകളിൽ വൈദ്യസഹായം എന്നിവ ഉൾപ്പടെ മകരവിളക്കിന് ശേഷം ഭക്തർക്ക് തിരിച്ചുപോകുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് എസ് പി വി. അജിത്ത് പറഞ്ഞു.
ചൊവ്വാഴ്ചത്തെ തിരുവഭരണ ഘോഷയാത്രയുടെയും മകരവിളക്കിന്റെയും ഒരുക്കങ്ങൾ പൂർണമായതായി എഡിഎം അരുൺ എസ് നായർ അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര ഉച്ചയോടെ വലിയാനവട്ടത്ത് എത്തി തുടർന്ന് സന്നിധാനത്ത് എത്തിച്ചേരും. വലിയാനവട്ടത്തും പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ഘോഷയാത്ര സ്വീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. അയ്യായിരം പോലീസുകാരെ വിന്യസിച്ചു. ഭക്തരെ മകരവിളക്കിന് ശേഷം സുരക്ഷിതമായി തിരിച്ചിറക്കുന്നതിന് കൃത്യമായ എക്സിറ്റ് പ്ലാനുണ്ട്. കൃത്യമായ ഇടവേളകളിൽ കെഎസ്ആർടിസി സർവീസ് ഉണ്ടാകും. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഏകോപനം സംയുക്ത പരിശോധനയിൽ ഉറപ്പിച്ചു. എല്ലാ ഭക്തരും ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും എഡിഎം അറിയിച്ചു.