മലപ്പുറം : നഗരസഭാ പരിധിയിലെ ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ അടയ്ക്കാന്‍ നോട്ടീസ് നല്‍കി. ഈ മാസം 31 വരെ അടച്ചിടാനാണ് നോട്ടീസ് നഗരസഭാ കൗണ്‍സില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ബുധനാഴ്ചയാണ് മദ്യശാലകള്‍ അടയ്ക്കാന്‍ നോട്ടീസ് നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടച്ചിട്ട സാഹചര്യത്തില്‍ നൂറുകണക്കിന് ആളുകള്‍ വരുന്ന മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് സമൂഹ വ്യാപനത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയം കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കുവന്നത്. എന്നാല്‍ പ്രതിപക്ഷം ഇതിനെ ശക്തമായി എതിര്‍ത്തു.
മദ്യശാലകള്‍ അടപ്പിക്കാനുള്ള ഭരണസമിതിയുടെ നീക്കത്തിനുപിന്നില്‍ ആത്മാര്‍ഥതയില്ലെന്നും രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും പ്രതിപക്ഷം ആരോപിച്ചു. വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി മദ്യശാലയിലെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് പ്രതിപക്ഷം യോഗത്തില്‍ അറിയിച്ചു.
മുനിസിപ്പല്‍ ആക്‌ട് പ്രകാരം മദ്യശാലകള്‍ക്ക് നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് അധികാരമുണ്ടെന്നും ഇവര്‍ തിരിച്ചടിച്ചു. എന്നാല്‍ മദ്യശാലകള്‍ അടച്ചിടാനുള്ള നോട്ടീസ് നല്‍കാന്‍ നിയമപ്രകാരം കഴിയില്ലെന്ന് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കു ശേഷം പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ നടപടിക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കുകയായിരുന്നു.