മലപ്പുറം : ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക തെളിവായി നോട്ട്ബുക്ക്. മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന് ദേവിക എഴുതിയിരിക്കുന്ന നോട്ടുബുക്ക് അന്വേഷണസംഘം കണ്ടെടുത്തു. ഇംഗ്ലീഷിലായിരുന്നു കുറിപ്പ്.
തിരൂര്‍ ഡിവൈഎസ്പി പി. കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ അന്വേഷണ സംഘമാണ് ദേവികയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്. ദേവികയുടെ രക്ഷിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സംഘം മൊഴിയെടുത്തു. ദേവികയുടെ മരണം സംബന്ധിച്ച് നേരത്തേ നല്‍കിയ മൊഴി മാതാപിതാക്കള്‍ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തതാണ് ആത്മഹത്യക്ക് കാരണമെന്നും വേറെ കാരണമെന്നും ഇല്ലെന്നും മാതാപിതാക്കള്‍ മൊഴി നല്‍കി. നോട്ട്ബുക്കില്‍ കണ്ടെടുത്ത കുറിപ്പിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ദേവികയുടേത് ആത്മഹത്യയാണെന്ന പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്.