കോന്നി : രാജന് തുണ മണികണ്ഠൻ , മണികണ്ഠന് കാവൽ രാജൻ. ഇത് ഒരു ആനയും പാപ്പാനും തമ്മിലുള്ള ആഴത്തിലുള്ള സ്നേഹത്തിന്റെ കഥയാണ്. ഇവരുടെ സ്നേഹ ബന്ധത്തിന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.
കഥ വൈറലായതോടെ കണ്ഠന്റെ ഫോണിലേക്ക് നിലക്കാത്ത ഫോൺ പ്രവാഹം. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ മലയാലപ്പുഴ രാജൻ എന്ന കൊമ്പന്റെയും രണ്ടാം പാപ്പാനായ മണികണ്ഠന്റെയും സ്നേഹ ബന്ധത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. രാജന് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും തൊട്ടടുത്തായി പാപ്പാനായ മണിക്ഠനും ഉണ്ടാകണമെന്ന് ഇപ്പോൾ വല്ലാത്തൊരു ശാഠ്യമാണ്. കൊല്ലം കുണ്ടറ പെരുമ്പുഴ ലക്ഷ്മീ വിലാസം സുനിൽ കുമാർ എന്ന മണിക്ഠൻ നാല് വർഷമായി ഏവരും ആരാധിക്കുന്ന അയ്യപ്പന്റെ തിടമ്പേറ്റുന്ന മലയാലപ്പുഴ രാജന്റെ രണ്ടാം പാപ്പാനായി ജോലി ചെയ്യുകയാണ്. തുടക്കം മുതൽ ഗജരാജനെ സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിച്ച് പരിലാളിച്ചാണ് ഓരോ ദിവസവും കൊണ്ട് നടക്കുന്നത്. അന്ന് മുതൽ തുടങ്ങിയ ഇവരുടെ സ്നേഹ ബന്ധത്തിന് ഇന്ന് വരെ മുറിവേറ്റിട്ടില്ല. ആടുത്ത കാലത്ത് തൃശൂർ പിലാക്കര ക്ഷേത്രത്തിലെ പുലർച്ച പൂരം കഴിഞ്ഞ് വിശ്രമ വേളയിൽ മണിക്ണ്ഠൻ മയങ്ങിയപ്പോൾ രാജൻ കാവലാളായിനിന്നു. പിന്നീട് മണിക്ണ്ഠനൊപ്പം ഉറങ്ങുവാൻ രാജനും ഒപ്പം കൂടി. ഇരുവരും ഒന്നിച്ച് കിടന്ന് മയങ്ങുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിയിരിക്കുന്നത്.