തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളി ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തിലേക്ക് നയിച്ച സംഘത്തിലുള്ളവരെ പോലീസ് തിരയുന്നു. സാഹചര്യ തെളിവുകളിൽ നിന്ന്, സത്താൻസേവ പോലുള്ള അന്ധവിശ്വാസമാണെ നിഗമനത്തിലാണ് അരുണാചൽ, കേരള പോലീസ് സംഘങ്ങൾ. ഇവർ താമസിച്ച ഇറ്റാനഗറിലെ സിറോ താഴ്വരയിലെ ബ്യൂ പൈൻ ഹോട്ടലിന് സമീപമാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. വട്ടിയൂർക്കാവ് എസ്.ഐ രാകേഷ് ഉൾപ്പെടെ മൂന്നംഗ സംഘം അവിടെ തുടരുകയാണ്. നവീനും ദേവിയും മുമ്പും അരുണാചൽ പ്രദേശിൽ പോയിട്ടുണ്ട്. ഇത്തരം വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവർ ഇവിടെയുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവർ കോഡ് ഭാഷയിൽ ഇമെയിൽ സന്ദേശങ്ങൾ പതിവായി കൈമാറിയിരുന്നതായി കണ്ടെത്തി.
2021 മുതലുള്ള ഇമെയിലും ചാറ്റുകളും പരിശോധിച്ചെന്നും സ്വന്തം പേരിലല്ല ആശയവിനിമയം നടത്തിയതെന്നും തിരുവനന്തപുരം ഡി.സി.പി നിധിൻ രാജ് വ്യക്തമാക്കി. മരണത്തിന് അരുണാചൽ പ്രദേശ് തിരഞ്ഞെടുത്തിന് കാരണമുണ്ടെന്നാണ് പൊലീസിന്റെ നിരീക്ഷണം. ഈ നിഗമനങ്ങൾ ശരിവയ്ക്കുന്ന തെളിവുകളാണ് ഇവരുടെ ലാപ്ടോപ്പുകളിലുള്ളത്. അന്യഗ്രഹ ജീവിതത്തെക്കുറിച്ചുള്ള ലേഖനങ്ങളും ചിത്രങ്ങളും ലഭിച്ചു. മൂന്ന് വീട്ടുകാരുടെയും വിശദമായ മൊഴി പോലീസെടുക്കും.
ദേവിയുടെയും ആര്യയുടെയും സമ്മതത്തോടെ, അവരുടെ കൈഞരമ്പ് മുറിച്ച ശേഷം നവീൻ അതേരീതിയിൽ ജീവനൊടുക്കി. രക്തം വാർന്നുള്ള മരണമാണ് മൂവരും തിരഞ്ഞെടുത്തത്. ഡാർക്നെറ്റ് പോലുള്ള പ്ളാറ്റ്ഫോമുകളിൽ നിന്നാണ് വിചിത്രവിശ്വാസത്തിന്റെ ഭാഗമായുള്ള അന്യഗ്രഹജീവിതം ഇവർ സ്വപ്നം കണ്ടത്.





























