ഷാർജ: ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് മലയാളിയായ ഏഴുവയസ്സുകാരി മരിച്ചു. കാസർകോട് മൊഗ്രാൽ സ്വദേശികളായ മുബാറക് അലി – മുർഷിദ ദമ്പതികളുടെ ഏക മകൾ സഫ (7) ആണ് മരിച്ചത്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ദാരുണമായ സംഭവം. അൽ നബ്ബയിൽ താമസിക്കുന്ന കുടുംബത്തിന്റെ ഫ്ലാറ്റിൽ മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാവിലെ 11 മണിയോടെ മരണം സംഭവിച്ചു.
സംഭവസമയത്ത് കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്കായി പോയിരിക്കുകയായിരുന്നു. പിതാവ് മുബാറക് മാത്രമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. ദുബായിലെ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനാണ് മുബാറക്. മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. വേനലവധിക്ക് നാട്ടിൽ പോയ കുടുംബം കഴിഞ്ഞ ബുധനാഴ്ചയാണ് ഷാർജയിൽ തിരിച്ചെത്തിയത്. എന്നാൽ മുബാറക് ഇതുവരെ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നില്ല. എട്ട് വർഷമായി ഷാർജയിൽ താമസിക്കുകയാണ് ദമ്പതികൾ. മരണത്തെ തുടർന്ന് കുട്ടിയുടെ മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.





























