വണ്ടൂര്‍ : സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി 28 വര്‍ഷത്തിനുശേഷം പൊലീസ് പിടിയില്‍. കാരാട് കരിമ്പന്‍തൊടി സ്വദേശി ചന്ദ്രശേഖരന് എന്ന മണിയെയാണ് (59) പതിറ്റാണ്ടുകള്‍ക്കു ശേഷം വണ്ടൂര്‍ പോലീസ് തൃശൂരില്‍നിന്ന് പിടികൂടിയത്. 1993 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്നാണ് സി.പി.എം കരിമ്പന്‍തൊടി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മംഗലശേരി വേലുക്കുട്ടി എന്ന സുന്ദരന്‍ (65), സഹോദരന് സുരേഷ് കുമാര്‍ (50) എന്നിവര്‍ക്കു നേരെ ചന്ദ്രശേഖരന് ബോംബെറിഞ്ഞത്. ഈ സംഭവത്തിന് ഒരു മാസംമുമ്പ് സി.പി.എം അംഗമായിരുന്ന പരേതനായ പട്ടര് കടവന്‍ മുഹമ്മദിനെ ചന്ദ്രശേഖരന് കുത്തി പരിക്കേല്പിക്കുകയും ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ചന്ദ്രശേഖരന് സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെ ബോംബെറിഞ്ഞത്.
തുടര്‍ന്ന് നാട്ടുകാര്‍ ഇദ്ദേഹത്തിന്റെ വീട് വളയുകയും ചെയ്തു. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോള്‍ വീട്ടിലെ ടോയ്ലറ്റില്‍നിന്ന് ബോംബ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍, സംഭവശേഷം മുഹമ്മദിനെ കുത്തി പരിക്കേല്പിച്ച കേസില്‍ ശിക്ഷിക്കപ്പെടുമെന്ന ഘട്ടത്തില്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി തൃശൂരില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വണ്ടൂര്‍ പോലീസ് വീണ്ടും അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ തൃശൂരില്‍നിന്ന് അറസ്റ്റിലാവുകയായിരുന്നു. അന്വേഷണത്തില്‍ ഇന്‍സ്പെക്ടര്‍ ഇ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ സമദ്, എസ്.സി.പി.ഒ മാരായ ജയേഷ് മാധവ്, മധു എന്നിവര്‍ പങ്കെടുത്തു.