ബംഗളുരു : കര്‍ണാടകത്തില്‍ കിണര്‍ നിര്‍മ്മാണത്തിനായി പോയ തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി പരാതി. കൊട്ടാരക്കര വാളകം സ്വദേശി ഗോപാലന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. വാളകം, ഇടയം കോളനിയില്‍ കാവിരയ്യത്തു വീട്ടില്‍ ഗോപാലന്‍ 6 മാസമായി കര്‍ണാടകത്തിലെ ഉടുപ്പിയില്‍ കിണര്‍ പണി ചെയ്തുവരികയാണ്. എഴുകോണ്‍ സ്വദേശിയായ കരാറുകാരനാണ് ഗോപാലനെ ജോലിക്കായി ഇവിടേക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു. അതേസമയം മരണ വിവരമോ മൃതദേഹം സംസ്കരിച്ചതോ കരാറുകാരന്‍ കുടുംബാംഗങ്ങളെ അറിയിച്ചില്ല.
ഉടുപ്പിയില്‍ ജോലിചെയ്യുന്ന ഒരാള്‍ ഗോപാലന്റെ വീടിനു സമീപമുള്ള അയാളുടെ ഒരു ബന്ധുവിനെ വിളിച്ചു ഗോപാലന്‍ മരിച്ചതായി പറഞ്ഞു. അങ്ങനെയാണ് തിങ്കള്‍ വൈകിട്ട് 6 മണിയോടെ ഗോപാലന്റെ മരണവിവരം ബന്ധുക്കള്‍ അറിഞ്ഞത്. അന്നു രാത്രിയില്‍ തന്നെ കൊട്ടാരക്കര പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി. ഗോപാലന്റെ മൃതദേഹം സാംസ്‌കരിച്ചെന്നും ചിതാഭസ്മം എത്തിച്ചു തരാമെന്നും കരാറുകാരന്‍ പറഞ്ഞതായി മകള്‍ ഗോപിക പറയുന്നു. മരിച്ച് മൂന്നുദിവസമായിട്ടും മരണവിവരം കരാറുകാരന്‍ അറിയിക്കാത്തതില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര പോലീസ് അന്വേഷണം തുടങ്ങി.