ചെന്നൈ: തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സർക്കാർ ആശുപത്രിയിൽ ജീവനക്കാരിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പ്രതിയെ കാലിൽ വെടിവെച്ച് വീഴ്ത്തിയ ശേഷം സാഹസികമായി പിടികൂടുകയായിരുന്നു. ചെന്നൈയിലെ മാധവവരത്തിന് സമീപമാണ് സംഭവം. പ്രകാശ് (35) എന്നയാളെയാണ് പിടികൂടിയത്. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ രാജേശ്വരിയുടെ (24) മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ പ്രതി ശ്രമം നടത്തുകയായിരുന്നു. 2026 സെപ്റ്റംബർ 21 തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സർക്കാർ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു രാജേശ്വരി. ഇവർ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രതിയായ പ്രകാശ് പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ മേൽ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. 48 ശതമാനത്തിലധികം പൊള്ളലേറ്റ രാജേശ്വരിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ കിൽപോക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ തമ്മിൽ മുൻപരിചയമുണ്ടോ എന്നും വ്യക്തിവൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.































