റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും ഫയർഫോഴ്സും എൻ.ഡി.ആർ.എഫും നടത്തി വരുന്ന തെരച്ചിൽ ഇന്നും ഫലം കണ്ടില്ല. കുടമുരുട്ടി സ്വദേശി രാജനാണ് ആറ്റിൽ ചാടിയതെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. റാന്നി പാലത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിലെ തിരിച്ചറിയൽ കാർഡിൽ നിന്നാണ് ചാടിയത് രാജനാണെന്ന സൂചന പോലീസിന് ലഭിച്ചത്. പുഴയിൽ മീൻപിടിച്ചുകൊണ്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഒരാൾ പാലത്തിൽ നിന്ന് താഴേക്ക് ചാടുന്നത് കണ്ടത്.
വെള്ളത്തിൽ വീണയാൾ രണ്ടു കൈകളും ഉയർത്തി ജലനിരപ്പിന് മുകളിൽ വന്നതായി ഇവർ പറഞ്ഞു. വിവരമറിഞ്ഞ് പോലീസും ഫയർ ഫോഴ്സും ഉടൻ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചിരുന്നു. റാന്നി ഉപാസന കടവ് കേന്ദ്രീകരിച്ചും ഫയർഫോഴ്സ് സംഘം പരിശോധന നടത്തി. ഇന്ന് എൻ.ഡി.ആർ.എഫിന്‍റെ മുങ്ങൽ വിദഗ്ധരടങ്ങിയ പ്രത്യേക സംഘവും പുഴയിൽ ഇറങ്ങി വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് എൻ.ഡി.ആർ.എഫ് സംഘം മടങ്ങി. കാണാതായ ആൾക്കായി തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.






























