റാന്നി : മന്ദമരുതി നീരാട്ടുകാവ് നിവാസികള്‍ ഇന്നും ദുരിതത്തിലാണ്. സഞ്ചരിക്കുവാന്‍ ഒരു നല്ല റോഡോ ബസ്സ് സര്‍വ്വീസുകളോ ഇല്ല. മന്ദമരുതിയില്‍ നിന്നും നീരാട്ടുകാവ് വരെയുള്ള നാല് കിലോമീറ്റര്‍ യാത്ര തികച്ചും ദുരിതപൂര്‍ണ്ണമാണ്. മാടത്തരുവി ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രധാന വഴിയും ഇതാണ്.
പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയിലെ മന്ദമരുതിയില്‍ ബസ്സിറങ്ങിയാല്‍ ഓട്ടോക്ക് മാത്രമേ നീരാട്ടുകാവില്‍ എത്തിപ്പെടുവാന്‍ കഴിയു. അൻപതിനടുത്ത് ഓട്ടോകൾ മന്ദമരുതി സ്റ്റാൻഡില്‍ ഉണ്ടെങ്കിലും ആരും ഇവിടേയ്ക്ക് ഓട്ടം വരില്ല. റോഡ് മോശമാണെന്ന മറുപടിയാണ് ഇവര്‍ നല്‍കുന്നത്. ഓട്ടം വിളിക്കാന്‍ ചെല്ലുന്നവരെ അപമാനിച്ചുവിടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. നാട്ടുകാരുടെ ബുദ്ധിമുട്ട് ഓര്‍ത്ത് രണ്ടോ മൂന്നോ ഓട്ടോകള്‍ ഇവിടേയ്ക്ക് ഓടാറുണ്ട്. നീരാട്ടുകാവ് നിവാസികളുടെ ഏക ആശ്രയവും ഇവരാണ്.
തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ കോലാഹലവുമായി വന്നെങ്കിലും തങ്ങളുടെ ദുരിതം പരിഹരിക്കുന്ന കാര്യത്തില്‍ ആരും ഉറപ്പുതന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുകയും ബസ്സ് സര്‍വ്വീസുകള്‍ ആരംഭിക്കുകയും ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.