മുംബൈ: അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോര്‍പിയൊ കാറിന്‍റെ ഉടമ മന്‍സുഖ് ഹിരേന്‍ കൊല്ലപ്പെട്ട കേസും കേന്ദ്ര സര്‍ക്കാര്‍ എന്‍.ഐ.എക്ക് കൈമാറി. ഇതുവരെ മഹാരാഷ്ട്ര എ.ടി.എസാണ് അന്വേഷിച്ചത്. കൊലപാതക കേസില്‍ 25 ഓളം പേരെ ചോദ്യംചെയ്ത എ.ടി.എസ് പൃഥമദൃഷ്ട്യാ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വാസെക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം താണെ കോടതിയില്‍ പറഞ്ഞിരുന്നു. സച്ചിന്‍ വാസെയെ കസ്റ്റഡിയിലെടുക്കാന്‍ എ.ടി.എസ് ശ്രമിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്. നിലവില്‍, സ്ഫോടക വസ്തുക്കളുമായി കാറ് കണ്ടെത്തിയ കേസില്‍ സച്ചിന്‍ വാസെ എന്‍.ഐ.എയുടെ കസ്റ്റഡിയിലാണ്.
നേരത്തെ ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഭീഷണികേസും, കൊലപാതക കേസും മഹാരാഷ്ട്ര സര്‍ക്കാര്‍ എ.ടി.എസിന് കൈമാറിയിരുന്നു. എന്നാല്‍, എ.ടി.എസ് കേസെറ്റെടുക്കും മുമ്പേ മഹാരാഷ്ട്ര സര്‍ക്കാറിനെ വകവെക്കാതെ കേന്ദ്രം ഭീഷണി കേസ് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു. അംബാനിക്ക് ഭീഷണിയായി സ്ഫോടക വസ്തുക്കളുമായി സ്കോര്‍പിയൊ കൊണ്ടിട്ട സംഭവത്തില്‍ കൂട്ടുപ്രതിയോ സാക്ഷിയോ ആയിരുന്നു മന്‍സുഖ് എന്നാണ് നിഗമനം. മന്‍സുഖ് കേസും എന്‍.ഐ.എക്ക് കൈമാറിയതോടെ മഹാരാഷ്ട്ര സര്‍ക്കാറിനുള്ള ഇരട്ടപ്രഹരമായി.