ബെഗ്ളുരു : കോവിഡ് നാലാം തരംഗ ഭീഷണി മുന്‍നിര്‍ത്തി കര്‍ണാടകയില്‍ മാസ്കും സാമൂഹിക അകലവും നിര്‍ബന്ധമാക്കി. കര്‍ണാടകയിലെ കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് തിങ്കളാഴ്ച 1.38 ശതമാനമായും ബംഗളൂരുവിലേത് 1.9 ശതമാനമായും ഉയര്‍ന്ന സാഹചര്യത്തിലാണ് മാസ്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണം കൊണ്ടുവരാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചത്.
തുടര്‍ന്നാണ് ഇതുസംബന്ധിച്ച ആരോഗ്യവകുപ്പ് സെക്രട്ടറി പി. രവികുമാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് ഫെബ്രുവരി 28 മുതലാണ് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയത്. നിലവില്‍ ഡല്‍ഹി, ഹരിയാന, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണെന്നും കര്‍ണാടകയിലെ പ്രതിദിന കേസുകളില്‍ നേരിയ വര്‍ധനവുണ്ടെന്നും ഈ സാഹചര്യത്തിലാണ് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതെന്നുമാണ് ഉത്തരവില്‍ പറയുന്നത്.