Wednesday, April 24, 2024 9:22 am

മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട രൂപതാംഗം വന്ദ്യ മാത്യു പൊന്മേലിൽ കോറെപ്പിസ്കോപ്പാ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട രൂപതാംഗം വന്ദ്യ മാത്യു പൊന്മേലിൽ കോറെപ്പിസ്കോപ്പാ അന്തരിച്ചു. ഭൗതിക ശരീരം ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് കാട്ടൂരിലെ  സ്വവസതിയിൽ എത്തിക്കും. ഉച്ച കഴിഞ്ഞ് 1.30 ന് കാട്ടൂർ സെന്റ്  ആൽബർട്ട് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ സംസ്കാര  ശുശ്രൂഷകൾ നടത്തും.

പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യ നാളുകളിൽ തന്നെ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിനാൽ സത്യസഭയിലേക്ക് ആകൃഷ്ടരായ കോഴഞ്ചേരി കാട്ടൂർ പ്രദേശത്ത് പൊൻമേലിൽ ഏബ്രഹാം- മറിയാമ്മ ദമ്പതികളുടെ കടിഞ്ഞൂൽ പുത്രനായി 1932 ഏപ്രിൽ 22 ന് ജനിച്ചു, നവംബർ 5 ന് മാമോദീസ സ്വീകരിച്ചു. സ്കൂൾ വിദ്യാഭ്യാസം തേക്കുംകാട്ടിൽ എല്‍.പി സ്കൂളിലും, കാട്ടൂർ എന്‍.എസ്.എസ്  സ്കൂളിലും, അയിരൂർ മതാപ്പാറ മാർത്തോമ ഹൈസ്കൂളിലുമായി പൂർത്തിയാക്കി. 1950 ന്  എസ്.എസ്.എല്‍.സി  പാസ്സായി. ഇളയ സഹോദരി സി.തോംസീന ഡി.എം, മേരിമക്കൾ സന്യാസ സമൂഹാംഗമായിരുന്നു.

1934 ലാണ് പൊൻമേലിൽ കുടുംബം മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുന്നത്. അന്ന് മാത്യുവിന് 3 വയസ്സാണ്. ചെറുപ്പം മുതലേ അൾത്താര ബാലനായി പള്ളിയുടെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നതിനാൽതന്നെ വൈദീകനാകണമെന്ന ആഗ്രഹവും ഉള്ളിലുണ്ടായിരുന്നു. സത്യദീപം വാരികയിൽ ദൈവവിളിയെക്കുറിച്ചുള്ള വിവിധ ലേഖനങ്ങൾ വായിച്ചപ്പോൾ സലേഷ്യൻ സന്യാസസഭയിൽ അംഗമായി ശുശ്രൂഷ ചെയ്യണമെന്നുള്ള ആഗ്രഹത്താൽ മദ്രാസിലുള്ള സലേഷ്യൻ വൈദീകരുമായി എഴുത്തിലൂടെ ബന്ധപ്പെടുകയും അവരിൽ നിന്ന് അവിടെ ചേരാനുള്ള അനുവാദം ലഭിക്കുകയും ചെയ്തു. വല്യപ്പച്ചനായ ആനക്കുഴിക്കൽ പൊൻമേലിൽ മത്തായി, പെരുനാട് മുണ്ടൻമല ബഥനി ആശ്രമം മുതൽ തന്നെ മാർ ഈവാനിയോസ് പിതാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നതിനാൽ, പട്ടത്തു പോയി മാർ ഈവാനിയോസ് പിതാവിനെ കണ്ട് അനുഗ്രഹം വാങ്ങി പോകണം എന്ന് വല്യപ്പച്ചൻ ആവശ്യപ്പെട്ടതനുസരിച്ച് 1950 ജൂൺ മാസം 1 ന് കോരിച്ചൊരിയുന്ന പെരുമഴയിൽ ഏകനായി തിരുവനന്തപുരത്ത് എത്തിയ ആ ബാലൻ അന്നേ ദിവസം രാത്രി 11 മണിക്ക് വിവിധ പരിപാടികളിൽ പങ്കെടുത്ത് അരമനയിലെത്തിയ മാർ ഈവാനിയോസ് പിതാവിനെ നേരിൽ കണ്ട് തന്റെ അഭിലാഷം ഉണർത്തിച്ചു. എല്ലാം ചോദിച്ചറിഞ്ഞ ശേഷം “നീയൊക്കെ പോയിക്കഴിഞ്ഞാൽ ഞാൻ ആരെക്കൊണ്ട് ഈ അതിഭദ്രാസനം നടത്തും ?” എന്ന ഒറ്റ ചോദ്യവും, ഉടൻ തന്നെ അന്നത്തെ സെമിനാരി റെക്ടർ ജോൺ മാത്യു അച്ചനെ മണിയടിച്ച് വിളിച്ച് ആ ബാലനെ സെമിനാരിയിൽ ചേർക്കാൻ പിതാവ് നിർദ്ദേശിച്ചു. അന്ന് സെമിനാരിയും അരമനയും ഒരുമിച്ചാണ്. അങ്ങനെ ആ രാത്രിയിൽ തന്നെ സെമിനാരിയിൽ അംഗമായി. യാതൊരു ഒരുക്കവുമില്ലാതെയാണ് വന്നതെന്നറിയിച്ചപ്പോൾ വല്യപ്പച്ചന് എഴുത്ത് എഴുതി വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ പിതാവ് സ്നേഹത്തോടെ പറഞ്ഞു. മൈനർ സെമിനാരി പഠനത്തിന് ശേഷം 1953-ൽ തൃശ്നാപ്പള്ളി സെന്റ് പോൾസ് മേജർ സെമിനാരിയിൽ ഫിലോസഫി പഠനം ആരംഭിച്ചു, തുടർന്നുള്ള 7 വർഷക്കാലം അവിടെ തന്നെയായിരുന്നു. 1961 മാർച്ച് 21 ന് തൃശ്നാപ്പള്ളി രൂപത മെത്രാനായിരുന്ന ജെയിംസ് മെന്റോസാ പിതാവിൽ നിന്ന് സതീർത്‌ഥ്യരായ 8 പേരോടൊപ്പം ലത്തീൻ ക്രമത്തിൽ വൈദീക പട്ടം സ്വീകരിച്ചു. സെമിനാരിയിലെ ലൂർദ്ദ് മാതാവിന്റെ ഗ്രോട്ടോയിൽ മലങ്കരക്രമത്തിൽ പ്രഥമ ദിവ്യബലിയർപ്പണം നടത്തി. ഏപ്രിൽ 14 ന് ഉയിർപ്പു ഞായറാഴ്ച്ചക്ക് ശേഷമുള്ള ചൊവ്വാഴ്ച്ച ഇടവക പള്ളിയിൽ ഭാഗ്യസ്മരണാർഹനായ ചേപ്പാട് ഫീലിപ്പോസ് റമ്പാച്ചന്റെ സാന്നിധ്യത്തിൽ ആഘോഷമായ ദിവ്യബലിയർപ്പിച്ചു.

സലേഷ്യൻ സന്യാസ സമൂഹാംഗമാകാനാഗ്രഹിച്ച് അനുവാദം വാങ്ങാനെത്തിയ ആ ബാലനെ മൈനർ സെമിനാരിയിലേക്ക് സ്വീകരിച്ച മാർ ഈവാനിയോസ് പിതാവിന്റെ അളവറ്റ സ്നേഹവും പിതൃതുല്യമായ വാത്സല്യവും അനുഭവിച്ചറിയാനുള്ള ഭാഗ്യം പിന്നീടാവോളമുണ്ടായി. സെമിനാരിക്കാരെ സുറിയാനിയും ആരാധനക്രമവും പഠിപ്പിച്ചത് പിതാവ് തന്നെയായിരുന്നു. മാർ ഈവാനിയോസ് പിതാവിനെ രോഗക്കിടക്കയിൽ മൂന്ന് മാസത്തോളം ശുശ്രൂഷിക്കാനുള്ള അവസരവും ഈ നാളുകളിൽ ലഭിച്ചു. സെമിനാരിയിൽ തുടർ പഠനങ്ങൾക്ക് ലത്തീൻ ഭാഷയിൽ വ്യുത്പത്തി അത്യന്താപേക്ഷിതമായിരുന്നു. ലത്തീൻ പഠിക്കാൻ വളരെ പ്രയാസമായതിനാൽ ഒരിക്കൽ പിതാവിനെ ശുശ്രൂഷിക്കുന്നതിനിടയിൽ, “എനിക്ക് ലത്തീൻ തലയിൽ കയറുന്നില്ല, തിരികെ പോകണം” എന്ന് പറഞ്ഞതിന് പ്രത്യുത്തരമായി, “നമുക്ക് പണ്ഡിതൻമാരായ വൈദീകരെയല്ല, പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്ന വൈദീകരെയാണാവശ്യം” എന്ന് പറഞ്ഞ് അവിടെ മുട്ടുകുത്താനാവാശ്യപ്പെട്ടു. തലയിൽ കൈവച്ച്, “നീ ഒരു വൈദീകൻ ആകും” എന്ന് പറഞ്ഞനുഗ്രഹിച്ചു. പിതാവിന്റെ സവിശേഷമായ ഈ അനുഗ്രഹമാണ് വൈദീകജീവിതത്തിന് പിന്നിലെ പ്രചോദനമെന്ന് അച്ചൻ ഉറച്ചു വിശ്വസിക്കുന്നു. പിതാവിന്റെ മരണക്കിടക്കയ്ക്ക് സമീപം ഗ്രീഗോറിയോസ് പിതാവിനോടും കോശി കാക്കനാട്ട് അച്ചനോടും മറ്റുള്ളവരോടും ഒപ്പം ആയിരിക്കാനുളള അവസരവും ലഭിച്ചു. പിതാവിന്റെ കബറടക്ക ശുശ്രൂഷയിൽ അന്നത്തെ ചാൻസലർ ആയിരുന്ന ഫിലിപ്പ് പന്തോളിൽ അച്ചന്റെ അനുവാദത്തോടെ കബർ നിറയെ കുന്തിരിക്കം വാരി നിക്ഷേപിച്ചതും ആ കൊച്ചു ബ്രദറായിരുന്നു.

1961- 1963 വരെ മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശ്ശേരിക്കര, ചിറ്റാർ പള്ളികളിൽ വിവിധ വികാരിമാരോടൊപ്പം സഹവികാരിയായി ശുശ്രൂഷ ചെയ്തു. 1963 മുതൽ 1965 വരെ മാത്യു കൊമ്പനാൽ അച്ചനോടൊപ്പം സഹവികാരിയായി അമ്പിളികോണം, കുളത്തൂർ, ഉച്ചക്കട, കുളപ്പുറം, കുഴിഞ്ഞാംവിള, പിൻകുളം പള്ളികളിൽ ശുശ്രൂഷ ചെയ്തു. 1965-1970 കാലഘട്ടത്തിൽ അട്ടച്ചാക്കൽ, കോന്നിതാഴം, ആഞ്ഞിലികുന്ന്, ചെങ്ങറ പള്ളികളിൽ വികാരിയായി സേവനം ചെയ്തു. അട്ടച്ചാക്കൽ, കോന്നിതാഴം പള്ളി പണിയുന്നത് ഇക്കാലയളവിലാണ്. 1970-1973 വർഷങ്ങളിൽ ശൂരനാട്, ശാസ്താംകോട്ട, മൈനാഗപ്പള്ളി, പോരുവഴി, പാവുമ്പ പള്ളികളിലെ ശുശ്രൂഷ. 1973 മുതൽ 1977 വരെ വെൺമണി, കോടുകുളഞ്ഞി, പുന്തല പള്ളികളിൽ വികാരിയായിരുന്ന കാലത്ത് കോടുകുളഞ്ഞിയിലെ പള്ളിയും വെൺമണിയിലെ വൈദീക മന്ദിരവും പണികഴിപ്പിച്ചു. 1977- 1981 കാലത്ത് ചന്ദനപ്പള്ളി, അങ്ങാടിക്കൽ ദേവാലയങ്ങളിൽ ശുശ്രൂഷിച്ചു. 1981- 1986 കാലത്ത് കാരയ്ക്കാട്, പന്തളം, കുരമ്പാല, ഉളനാട്, മെഴുവേലി പള്ളികളിലെ ശുശ്രൂഷ. 1985-ൽ പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലി കാരക്കാട് പള്ളിയിൽ ആഘോഷിച്ചു. 1986 – 1990 വരെ പുലിയൂർ, ഇലഞ്ഞിമേൽ, ചെറിയനാട്, പാണ്ടനാട് ദേവാലയങ്ങളിലും 1990 – 1996 കാലത്ത് വാഴമുട്ടം, ഓമല്ലൂർ, ആറ്റരികം പള്ളികളിലും വികാരിയായിരുന്നു. 1996 മുതൽ 2008 വരെയുള്ള ദീർലമായ 12 വർഷം കീക്കൊഴൂർ, തോട്ടമൺ, ഉതിമൂട്, മേക്കൊഴൂർ പള്ളികളിൽ വികാരിയായി ശുശ്രൂഷ ചെയ്തു. 2008-2011 കാലത്ത് സ്വന്ത ഇടവകയായ കാട്ടൂർ പള്ളിയിൽ വികാരിയായിരുന്ന് ഔദ്യോഗിക ശുശ്രൂഷാ ജീവിതത്തിൽ നിന്ന് വിരമിച്ചു, കാട്ടൂർ വൈദീക മന്ദിരം പണിതത് ഇക്കാലയളവിലാണ്.

പ്രായത്തിന്റെ ബുദ്ധിമുട്ടുകളും ശാരീരിക അസ്വസ്ഥതകളുമുണ്ടെങ്കിലും ക്ളർജിഹോമിൽ എല്ലാ ദിവസവും രാത്രി 8.30 മുതൽ 10.30 വരെ വി.കുർബാനയുടെ മുമ്പിലിരുന്ന് എല്ലാവർക്കുമായി അച്ചൻ പ്രാർത്ഥിക്കുന്നു. ചെറുപ്പം മുതലേയുള്ള നിഷ്ഠയുടെ ഫലമാണിത്. പിതൃസ്വത്തായി ലഭിച്ച അന്ത്യാളൻകാവിലെ ഭൂമിയിൽ ഒരു ധ്യാനകേന്ദ്രം 1996 ൽ പണിത് വിവിധങ്ങളായ ശുശ്രൂഷകൾ വിശ്വാസ സമൂഹത്തിന് നൽകി. കാട്ടൂരിൽ വിശ്രമ ജീവിതത്തിലായിരിക്കുമ്പോഴും എല്ലാ ദിവസവും രാവിലെ അന്ത്യാളൻകാവിലെത്തുകയും വി.കുർബാനക്കും പ്രാർത്ഥനകൾക്കും ആരാധനക്കുമായി മണിക്കൂറുകൾ പള്ളിയിൽ ചെലവഴിക്കുമായിരുന്നു. കാട്ടൂരിൽ നിന്ന് ഞായറാഴ്ചകളിൽ വിവിധ പള്ളികളിൽ വി.കുർബാനക്കായി അച്ചൻ പോയിരുന്നു. മാവേലിക്കര, തിരുവനന്തപുരം, പത്തനംതിട്ട ഭദ്രാസനങ്ങളിലെ ഒട്ടനവധി ദേവാലയങ്ങളിൽ അച്ചൻ കടന്നു ചെന്നിരുന്നു. തന്റെ ശാരീരികമായ ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ച് പത്തനംതിട്ട ഭദ്രാസനത്തിന്റെ അതിർത്തിയിലുള്ള മൂലക്കയം, പമ്പാവാലി പള്ളികളിൽ പോലും വി.കുർബാന അർപ്പിച്ച് അവിടുത്തെ ജനത്തിനായി പ്രാർത്ഥിക്കാനായി ദീർഘദൂരം യാത്ര ചെയ്യാനും മടിച്ചില്ല, ഒരു രൂപ പോലും ആരിൽ നിന്നും വാങ്ങാതെയാണ് അച്ചനിതെല്ലാം ചെയ്തിരുന്നത്. പരിശുദ്ധ കന്യകമറിയാമിനോടും വി. യൂദാ തദേവൂസിനോടും സവിശേഷമായ ഭക്തിയുണ്ടായിരുന്നതിനാൽ ശുശ്രൂഷ ചെയ്ത ദേവാലയങ്ങളിലെല്ലാംതന്നെ ദൈവമാതൃ ഭക്തിയും അസാധ്യ കാര്യമധ്യസ്ഥനായ വി. യൂദാശ്ളീഹായോടുള്ള ബന്ധവും വിശ്വാസികളിൽ ഊട്ടിയുറപ്പിക്കാൻ അച്ചൻ അക്ഷീണം പരിശ്രമിച്ചിരുന്നു. മാവേലിക്കര രൂപതയിലെ അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രമായ ചെറിയനാട് പള്ളിയുടെ മുമ്പിലുള്ള വി. യൂദാശ്ളീഹായുടെ കുരിശടി സ്ഥാപിക്കുകയും അവിടെ നൊവേന ആരംഭിക്കുകയും ചെയ്തത് അച്ചൻ വികാരിയായിരുന്ന കാലത്താണ്. രണ്ടോ മൂന്നോ ആളുകളെ കൂട്ടിയോ ആരുമില്ലാതിരുന്നപ്പോൾ തനിച്ചോ അച്ചൻ ചെയ്ത ശുശ്രൂഷയെ ഇന്ന് നാനാജാതി മതസ്ഥരായ അനേകർക്ക് അഭയമരുളുന്ന ഒരു പുണ്യ കേന്ദ്രമായി സ്വർഗ്ഗം വളർത്തി. പൊൻമേലിലച്ചൻ വൈദീക കൂട്ടായ്മയെ എന്നും സ്നേഹിക്കുകയും മാനിക്കുകയും ചെയ്തിരുന്നു. നവവൈദീകരെ കരുതുന്നതിനും അവർക്കാവശ്യമായ സഹായസഹകരണങ്ങൾ നൽകുന്നതിനും അച്ചൻ സവിശേഷമായി ശ്രദ്ധിച്ചിരുന്നു.

വചനവേദിയിൽ അനേക മണിക്കൂറുകൾ വിവിധ വിഷയങ്ങളെ അധികരിച്ച് ആളുകൾക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ പ്രസംഗിക്കുവാനുള്ള പാടവം അച്ചനുണ്ട്. മാതൃവേദിയുടെ പത്തനംതിട്ട, റാന്നി-പെരുനാട് വൈദീക ജില്ലാ ഡയറക്ടറായി അനേക വർഷം ശുശ്രൂഷ അനുഷ്ഠിച്ചു. ഇക്കാലയളവിൽ നിരവധിയായ സെമിനാറുകൾക്കും ക്ളാസ്സുകൾക്കും നേതൃത്വം നൽകി. അച്ചൻ ചെയ്ത പൗരോഹിത്യ ശുശ്രൂഷകളെ മാനിച്ചുകൊണ്ട് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ 2008 ജൂൺ 8 ന് കോർ-എപ്പിസ്കോപ്പ പട്ടം നൽകി ആദരിച്ചു.

2011 ൽ അച്ചന്റെ പൗരോഹിത്യസുവർണ്ണ ജൂബിലി കാട്ടൂർ ഇടവക ഒന്നാകെ ആഘോഷിച്ചു. 2019 ജൂൺ 7 ന് കാട്ടൂർ പള്ളിയിലെ പെന്തിക്കൊസ്തി ശുശ്രൂഷ നടത്തി താമസസ്ഥലത്ത് ചെന്നപ്പോൾ ശാരീരിക അസ്വസ്ഥതകളുണ്ടാകുകയും അടുത്ത ദിവസം തന്നെ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ജൂൺ 9 ന് അച്ചന്റെ ശാരീരിക അസ്വസ്ഥതകൾ മനസ്സിലാക്കി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാബാവാ ആശുപത്രിയിലെത്തി രോഗീലേപനം നൽകി. എന്നാൽ പുഷ്പഗിരി ആശുപത്രിയിലെ ജോസ് കല്ലുമാലിൽ അച്ചന്റെയും ഡോക്ടർമാരുടെയും ത്യാഗമതികളായ നേഴ്സുമാരുടെയും പരിചരണത്താലും, സ്വർഗ്ഗത്തിലെ ദൈവം ജീവിതത്തിലേക്കു കൂട്ടികൊണ്ടു വന്നു. ഈ ദിവസങ്ങളിലെല്ലാം ശുശ്രൂഷക്കായി അനിയൻ ജോസും കീക്കൊഴൂർ ഇടവകാംഗമായ മോഹൻദാസും ഒപ്പമുണ്ടായിരുന്നു. 5 സഹോദരങ്ങളാണ് അച്ചനുള്ളത്. ജർമ്മനിയിൽ താമസിക്കുന്ന ഇളയ സഹോദരൻ ജോസഫ് പി.ഏബ്രഹാം (ജോസ് ) പൊൻമേലിൽ ഒഴികെ മറ്റു സഹോദരങ്ങളെല്ലാം സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി.

1996-ൽ അച്ചൻ ആരംഭിച്ച അന്ത്യാളൻകാവിലെ ധ്യാനകേന്ദ്രവും പിതൃസ്വത്തായി തനിക്ക് ലഭിച്ച വസ്തുവകകളും സമ്പാദ്യവുമെല്ലാം പത്തനംതിട്ട ഭദ്രാസനത്തിനായി വിട്ടു നൽകിയ അച്ചനെ അതിനായി പ്രേരിപ്പിച്ചത് പൗരോഹിത്യമെന്ന അമൂല്യമായ ദാനത്തിലൂടെ ദൈവം തനിക്ക് നൽകിയ സമ്പത്തിന്നും ദൈവകൃപക്കും പകരം വെക്കാൻ ഒന്നിനുമാവില്ലയെന്ന ഉറച്ച ബോധ്യമാണ്. അഭിവന്ദ്യ ഐറേനിയോസ് പിതാവിന്റെ നിർദ്ദേശാനുസരണം 2019 ഓഗസ്റ്റു മുതൽ കുമ്പഴ ക്ളർജിഹോമിലേക്ക് കടന്നു വന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ ഗുണ്ടാവിളയാട്ടം ; യുവാവിനെ കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി മർദിച്ച് റോഡിൽ തള്ളി,...

0
പത്തനംതിട്ട: തിരുവല്ലയിൽ കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി...

അന്താരാഷ്ട സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം നടത്തുന്ന സമ്മർ ക്യാമ്പ് മെയ് 6...

0
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ സ്വതന്ത്രസോഫ്റ്റ്‌വെയറിൽ താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട...

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24...

കരിപ്പൂരിൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ വൻ വർധന

0
മലപ്പുറം: വലിയ വിമാനങ്ങളുടെ വിലക്ക് തുടരുമ്പോഴും യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിലും ചരക്കുനീക്കത്തിലും...