മല്ലപ്പള്ളി : കേവല ഭവന നിര്‍മ്മാണം മാത്രമല്ല ലൈഫ് മിഷന്റെ ലക്ഷ്യമെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ കുടുംബസംഗമത്തോട് അനുബന്ധിച്ച് നടന്ന അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് ഭവന നിര്‍മ്മാണ പദ്ധതികള്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനു മാത്രം ലക്ഷ്യം വയ്ക്കുമ്പോള്‍ ഗുണഭോക്താക്കള്‍ സ്വന്തമായി ഉപജീവനം നിര്‍വഹിക്കുന്നതിനും സമൂഹത്തിന്റെ നടത്തിപ്പില്‍ പങ്കാളിയാകുന്നതിനും സാമൂഹികക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള സുരക്ഷിതവും മാന്യവുമായ ഭവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ലൈഫ് മിഷനുള്ളത്. നാടിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്നതു നാടിന്റെ പശ്ചാത്തല സൗകര്യ വളര്‍ച്ച മാത്രമല്ല ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതുകൂടിയാണ്. സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന നാലു മിഷനുകളും ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. ഈ വര്‍ഷം ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മല്ലപ്പള്ളി ബ്ലോക്കില്‍ 38 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണു നടത്തുകയെന്നും മാത്യു ടി തോമസ് എം എല്‍ എ പറഞ്ഞു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തില്‍ വേദിയില്‍ സജ്ജമാക്കിയ വിവിധ വകുപ്പുകളുടെ അദാലത്തില്‍ രജിസ്റ്റര്‍ ചെയ്തത് 115 പേര്‍. സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യ നീതി, ഫിഷറീസ്, വ്യവസായ, പട്ടികജാതി, പട്ടികവര്‍ഗ, ക്ഷീര ,ശുചിത്വ മിഷന്‍, വനിതാ ശിശു വികസനം, ഗ്രാമവികസന, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്, ലീഡ് ബാങ്ക് ഉള്‍പ്പെടെയുള്ള 20 വകുപ്പുതല സേവനങ്ങള്‍ അദാലത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തില്‍ പങ്കെടുത്ത് രജിസ്റ്റര്‍ ചെയ്തത് 180 കുടുംബങ്ങള്‍. ബ്ലോക്കിലെ ഏഴുപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പരിപാടിയില്‍ പങ്കെടുത്ത് രജിസ്റ്റര്‍ ചെയ്തത് കോട്ടാങ്കല്‍ പഞ്ചായത്ത് (45). ആണ്.
ബീറ്റ്‌റൂട്ട് ജൂസ്, ചാമ്പക്ക അച്ചാര്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്തമായ തനത് വിഭവങ്ങള്‍ പരിചയപ്പെടുത്തി കുടുംബശ്രീ സ്റ്റാള്‍. കൈതച്ചക്കയും ഓമക്കയും ചേര്‍ത്ത് നിര്‍മ്മിച്ച സ്‌ക്വാഷും ജാമും സ്റ്റാളില്‍ പരിചയപ്പെടുത്തി. ബീറ്റ്‌റൂട്ട് സ്‌ക്വാഷിന് ഒരു കുപ്പിക്ക് 75 രൂപയാണ് വില. നാരങ്ങ അച്ചാര്‍, ജാതിക്ക അച്ചാര്‍, ചക്ക ഉല്‍പ്പന്നങ്ങള്‍, കാപ്പിപൊടി, ഉപ്പേരി ഉള്‍പ്പെടെ വിവിധ രുചിയേറും വിഭവങ്ങള്‍ കുടുംബശ്രീ സ്റ്റാളില്‍ ഒരുക്കിയിരുന്നു. കുടുംബശ്രീ കൂട്ടായ്മയില്‍ ഭവനങ്ങളില്‍ നിര്‍മ്മിച്ച മികച്ച ഉല്പന്നങ്ങളാണ് സ്റ്റാളില്‍ ഒരുക്കിയിരുന്നത്.