ആലപ്പുഴ : നൂറനാട് വനിതാ പോലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ സംരക്ഷിച്ച് പോലീസ്. ഡ്യൂട്ടിയിലിരുന്ന പോലീസുകാരിയെ സ്റ്റേഷനില്‍ കയറി മര്‍ദിച്ച് പരുക്കേല്‍പ്പിച്ചിട്ടും പ്രതിയെ ഒന്നും ചെയ്യേണ്ടന്ന നിലപാടിലാണ് പോലീസ്. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഉന്നതതല സമ്മര്‍ദ്ദമുണ്ടായെന്നാണ് വിവരം. ക്രിമിനല്‍ കുറ്റം ചെയ്ത പ്രതിയെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസമാണ് നൂറനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥ രജനിയെ കുടശനാട് സ്വദേശി ഐശ്വര്യ സ്റ്റേഷനില്‍ കയറി മര്‍ദിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുടശനാട് സ്വദേശികളായ ധന്യ ബിന്ധ്യ, ഐശ്വര്യ എന്നിവര്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും വായ്പ എടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കളക്ഷന്‍ ഏജന്റുമാര്‍ നൂറനാട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മൂന്നുപേരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു.
സ്റ്റേഷനില്‍ എത്തിയ ഇവരോട് നിങ്ങള്‍ എത്തിയോ എന്ന് പോലീസ് ഉദ്യേഗസ്ഥയായ രജനി ചോദിച്ചതിന് പിന്നാലെ ഐശ്വര്യ മര്‍ദിക്കുകയായിരുന്നു. രജനിയുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത ഐശ്വര്യയെ കസ്റ്റഡിയില്‍ എടുത്ത് വിട്ടയക്കുകയായിരുന്നു. പോലീസ് ഉദ്യേഗസ്ഥയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമുണ്ടായില്ലെന്ന് ദൃക്‌സാക്ഷികളും സ്റ്റേഷന്‍ എസ്‌ഐയും പറയുന്നു. മര്‍ദനത്തെ തുടര്‍ന്ന് ബോധക്ഷയം ഉണ്ടായ രജനിയെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.